കഥാപ്രസംഗ കലയെ നെഞ്ചേറ്റിയ മിടുക്കി; പ്രവാസലോകത്ത് ആസ്വാദകരേറെ

കേരളത്തിൽ അന്യംനിന്നുപോകുന്ന കഥാപ്രസംഗ കലയെ ഗൾഫ് നാടുകളിൽ അവതരിപ്പിക്കുന്ന ഒരു കൊച്ചുമിടുക്കിയാണ് അരുണിമ.  കാസർകോട് നീലേശ്വരം സ്വദേശിയും അബുദബിയിൽ ആറാം ക്ളാസ് വിദ്യാർഥിനിയുമായ അരുണിമ കഥാപ്രസംഗ വേദികളിൽ നിറസാന്നിധ്യമാണ്.

കേരളത്തിലെ പുതുതലമുറ കൈവിട്ട കഥാപ്രസംഗ കലയെ അങ്ങകലെ പ്രവാസലോകത്ത് ആവേശത്തോടെ നെഞ്ചേറ്റിയ മിടുക്കിയാണ് അരുണിമ ബിജു. അബുദാബിയിലെ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിയായ അരുണിമ യുഎഇയിലെ വിവിധ സാംസ്കാരികകലാപരിപാടികളിൽ കഥാപ്രസംഗവുമായി സജീവമാണ്. മുതിർന്നവർ ഗൃഹാതുരതയോടെയും, പുതിയ തലമുറ കൌതുകത്തോടെയും അരുണിമയുടെ കഥപറച്ചിലിന് ആസ്വാദകരായെത്താറുണ്ട്.

അഭിനയം, മലയാള ഭാഷാ പരിചയം, സംഗീതം അങ്ങനെ എല്ലാം ഒത്തിണങ്ങിയ ഒരു കലാസൃഷ്ടി എന്നതിനാലാണ് കഥാപ്രസംഗത്തിൽ ആകൃഷ്ടയാകാൻ കാരണമെന്ന് അരുണിമ പറയുന്നു.

നാൽപതു വർഷത്തോളം കഥാപ്രസംഗ രംഗത്ത് നിറഞ്ഞുനിന്നിരുന്ന കാഥികൻ കെ.എൻ. കീപ്പേരി മാസ്റ്ററുടെ ശിക്ഷണത്തിലാണ് അരുണിമ കല അഭ്യസിച്ചത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയ നൃത്തരൂപങ്ങളിലും ചിട്ടയായ പരിശീലനം നടത്തുന്ന അരുണിമ കരാട്ടെയും അഭ്യസിക്കുന്നുണ്ട്.