ഏഴ് വന്‍കിട പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് സൗദി അറേബ്യ

ആണവോര്‍ജ  നിര്‍മാണമടക്കം ഏഴ് വന്‍കിട പദ്ധതികള്‍ക്ക് സൗദി അറേബ്യ തുടക്കം കുറിച്ചു. രാജ്യാന്തര ആണവോർജ ഏജൻസിയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും പ്രവർത്തനമെന്ന് അധികൃതർ വ്യക്തമാക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ  സൽമാനാണ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തത്. 

ആണവോര്‍ജം, കടൽ ജല ശുദ്ധീകരണം, മരുന്ന് നിര്‍മാണം, വിമാന നിര്‍മാണം എന്നീ മേഖലകളിലാണ് ഏഴ് വന്‍കിട പദ്ധതികള്‍. സൌദിയുടെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടർ പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിലൂടെ ആണവോർജ മേഖലയിൽ വൻ ചലനം സൃഷ്ട്ടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ വ്യക്തമാക്കി. എൺപതു ബില്യൺ ഡോളറാണ് നിക്ഷേപം. 

വിദേശ സഹായത്തോടെ സൗദി ശാസ്ത്രജ്ഞരും പദ്ധതിയില്‍ പങ്കാളികളാകും. കിങ് അബ്ദുല്‍ അസീസ് ശാസ്ത്ര സാങ്കേതിക സിറ്റിയിൽ വച്ചായിരുന്നു കിരീടാവകാശിയുടെ പ്രഖ്യാപനം. വിമാന നിര്‍മാണ കേന്ദ്രം വികസിപ്പിക്കുന്ന പദ്ധതിക്കും മുഹമ്മദ് ബിൻ സൽമാൻ തുടക്കം കുറിച്ചു. ദിനംപ്രതി അറുപതിനായിരം ക്യുബിക് മീറ്റർ കടൽ ജലം ശുദ്ധീകരിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു. സൗദിസാറ്റ് എന്ന പേരില്‍ നിര്‍മിക്കുന്ന സാറ്റലൈറ്റുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമാകും.