ഇനി വെറും 10 സെക്കൻറ്; പാസ്പോര്‍ട്ട് നടപടികൾ ലളിതമാക്കാൻ ദുബായ് സർക്കാർ

ദുബായ് രാജ്യാന്തരവിമാനത്താവളത്തിൽ പാസ്പോർട്ട് നടപടികൾ പൂർത്തിയാക്കാൻ ഇനി പത്തുസെക്കൻഡ് മതിയാകും. മുഖം തിരിച്ചറിയുന്ന ബയോമെട്രിക് സംവിധാനം വഴിയുള്ള സ്മാർട് ടണലുകൾ പ്രവർത്തിച്ചു തുടങ്ങി. ആദ്യഘട്ടമെന്ന നിലയിൽ ഫസ്റ്റ് ക്ളാസ്, ബിസിനസ് ക്ളാസ് യാത്രക്കാർക്കാണ് സൌകര്യം ഒരുക്കിയിരിക്കുന്നത്. 

നിർമിത ബുദ്ധിയുടെ സഹായത്തോടെ ബയോമെട്രിക് സംവിധാനവുമായാണ് ടെർമിനൽ മൂന്നിൽ പരീക്ഷണാടിസ്ഥാനത്തിൽ ടണലുകൾ പ്രവർത്തിക്കുന്നത്. പാസ്പോർട്ട്, ഐഡി, ബോർഡിങ് പാസ് തുടങ്ങിയ യാത്രാരേഖകൾ ഒന്നുമില്ലാതെതന്നെ യാത്രക്കാർക്ക് നടപടികൾ പൂർത്തിയാക്കാം. യാത്രക്കാർ സ്മാർട്ട് ടണലിലൂടെ നടന്നാൽ മാത്രം മതിയാകും. മുഖം അടക്കം തിരിച്ചറിയുന്ന ബയോമെട്രിക് സംവിധാനം വഴി യാത്രക്കാരുടെ വിവരങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തും.

മനുഷ്യസഹായമില്ലാതെ തന്നെ പത്തു സെക്കൻഡിനകം യാത്രക്കാർക്ക് പുറത്തെത്താമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാറി പറഞ്ഞു. എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ച് ആദ്യം വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഇതിനായി അടുത്തുതന്നെ സൌകര്യമുണ്ട്. പദ്ധതി നിലവിൽ പരീക്ഷണഘട്ടത്തിലായതിനാൽ ടണൽ വഴി വരുന്ന യാത്രക്കാരുടെ പാസ്പോർട്ടുകൾ അധികൃതർ പരിശോധിക്കുന്നുണ്ട്. ദുബായ് എക്സ്‌പോ 2020ലേക്കായി കൂടുതൽ സന്ദർശകരെത്തുമ്പോൾ വഴി നടപടികൾ എളുപ്പമാക്കുന്നതിന്റെ മുന്നോടിയായാണ് സ്മാർട്ട് ടണലുകൾ സ്ഥാപിച്ചത്.