നഷ്ടപ്പെട്ട ബ്രേസ്‍ലെറ്റ് വിമാനം പറക്കും മുൻപേ തിരിച്ചെത്തിച്ച് ദുബായ് പൊലീസ്; കയ്യടി

ചടുല വേഗത്തിൽ കുറ്റവാളികളെ പിടികൂടി കയ്യടി നേടുന്നവരാണ് ദുബായ് പൊലീസ്. മാധ്യമശ്രദ്ധ നേടിയ പല കേസുകളിലും ദുബായ് പൊലീസിന്റെ ചടുല വേഗവും കൃത്യതയും ശ്രദ്ധേയമായിട്ടുണ്ട്. ആതിഥ്യമര്യാദയും ജനങ്ങളോടുള്ള പെരുമാറ്റവും കൊണ്ടും കേസുകളിലെ നിർണായകമായ ഇടപെടൽ കൊണ്ടും എല്ലാവരുടെയും ശ്രദ്ധയും സ്നേഹവും നേടിയെടുത്തവരാണ് ദുബായ് പൊലീസ്. 

വിനോദസഞ്ചാരികളുടെ നഷ്ടപ്പെട്ടുവെന്ന്  കരുതിയ സ്വർണ ബ്രേസ്‍ലെറ്റ് വിമാനം യുഎഇയിൽ നിന്നു പറന്നുയരുന്നതിനു മിനിറ്റുകൾക്ക് മുൻപ് തിരികെ എത്തിച്ചാണ് ഇത്തവണ ദുബായ് പൊലീസ് കയ്യടി നേടുന്നത്. ദുബായിലെ യാത്രയ്ക്കിടയിൽ ഏഷ്യൻ സഞ്ചാരികളുടെ കുടുംബത്തിലെ ഒരാളുടെ സ്വർണ ബ്രേസ്‍ലെറ്റ് എവിടെയോ മോഷണം പോയി എന്ന വിവരം പൊലീസ് അറിഞ്ഞ ഉടൻ തന്നെ ഒരു സംഘത്തെ നിയോഗിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ബ്രേസ്‍ലെറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് വിരുന്നുകാരായ ഏഷ്യൻ കുടുംബത്തിൽ നിന്നും ചോദിച്ചു മനസിലാക്കി.

തുടർന്ന്, ദുബായിലെ തങ്ങളുടെ യാത്രയെപറ്റിയും പോയ സ്ഥലങ്ങളെക്കുറിച്ചുമെല്ലാം കുടുംബം വ്യക്തമാക്കി. ഒരു ദിവസം മരുഭൂമി സഫാരിക്കായി എസ്‍യുവി വാഹനത്തിൽ യാത്ര ചെയ്തിരുന്ന കാര്യവും സംഘം പറഞ്ഞു. ഒരു പക്ഷേ, ഇവിടെ ബ്രേസ്‍ലെറ്റ് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നു മനസിലാക്കിയ പൊലീസ് ഇക്കാര്യം അന്വേഷിക്കുകയായിരുന്നു. പൊലീസിന്റെ ഊഹം തെറ്റിയിരുന്നില്ല. നഷ്ടപ്പെട്ട സ്വർണ ബ്രേസ്‍ലെറ്റ് കണ്ടെത്തി.

വിമാനത്തിൽ തിരികെ യാത്ര തിരിക്കുന്നതിനു മുൻപ് ദുബായിലെ ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കുകയായിരുന്ന കുടുംബത്തെ പൊലീസ് കണ്ടെത്തുകയും നഷ്ടപ്പെട്ടുവെന്ന് അവർ കരുതിയ സ്വർണ ബ്രേസ്‍ലെറ്റ് തിരികെ ഏൽപ്പിക്കുകയും ചെയ്തു. ദുബായ് വിട്ടു പോകുന്നതിന് മുൻപു തങ്ങളുടെ നഷ്ടപ്പെട്ട സാധനം തിരികെ ലഭിച്ചത് വിശ്വസിക്കാൻ സാധിച്ചില്ലെന്നും അതിയായ സന്തോഷമുണ്ടെന്നും കുടുംബാഗംങ്ങൾ പറഞ്ഞതായി ടൂറിസ്റ്റ് പൊലീസ് ഡിപാർട്ട്മെന്റ് ഡയറക്ടർ ലഫ്. കേണൽ. ഡോ. മുബാറക് ബെൻവാസ് അറിയിച്ചു. ദുബായ് പൊലീസിന്റെ വേഗത്തിലുള്ള നടപടിക്ക് സംഘം നന്ദി പറഞ്ഞു. ആദിത്യമര്യാദ ഓർമിക്കുവാൻ ദുബായ് പൊലീസ് ഉദ്യോഗസ്ഥൻ ഏഷ്യൻ സംഘത്തിന് സുവനീറുകൾ നൽകി.