സ്വന്തം കുഞ്ഞിനെ 10,000 ദിർഹത്തിനു വിൽക്കാൻ ശ്രമിച്ചു; വീട്ടുജോലിക്കാരിക്ക് ദുബായിൽ പിടിവീണു

നിയമപരമല്ലാത്ത ബന്ധത്തിലൂടെ ഉണ്ടായ കുഞ്ഞിനെ 10,000 ദിർഹത്തിന് വിൽക്കാൻ ശ്രമിച്ച കേസിൽ വീട്ടുജോലിക്കാരിയ്ക്ക് ശിക്ഷ. എത്യോപ്യൻ സ്വദേശിനിയായ യുവതിയ്ക്കാണ് ദുബായ് കോടതി ആറു മാസം തടവു ശിക്ഷ വിധിച്ചത്. വളരെ നാടകീയമായാണ് ദുബായ് പൊലീസ് ഇവരെ പിടികൂടിയിരുന്നത്. കുഞ്ഞിനെ വിൽക്കാൻ യുവതിയെ സഹായിച്ച മറ്റൊരു വീട്ടുജോലിക്കാരിക്കും ശിക്ഷയുണ്ട്. 

മൂന്നു മാസം തടവാണ് യുവതിക്ക് വിധിച്ചത്. ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം ഇരുവരെയും നാടുകടത്തണമെന്നും ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വ്യക്തമാക്കി. ഇവർക്കെതിരെ മനുഷ്യക്കടത് ഉൾപ്പെടെയുള്ള കുറ്റമാണ് ചുമത്തിയിരുന്നത്. ദുബായ് പൊലീസിന്റെ വനിതാ വിഭാഗം രഹസ്യമായി നടത്തിയ നീക്കത്തിലാണ് യുവതി കുടുങ്ങിയത്. 30 വയസുള്ള എത്യോപ്യൻ യുവതിയുടെ കുഞ്ഞിനെ വിൽക്കാൻ 28 വയസുള്ള വീട്ടുജോലിക്കാരി സഹായിക്കുകയായിരുന്നുവെന്ന് യുവതി സമ്മതിച്ചു.

ആദ്യം കുറ്റം നിഷേധിച്ച യുവതി വിശദമായ ചോദ്യം ചെയ്യലിൽ എല്ലാം തുറന്നു സമ്മതിക്കുകയായിരുന്നു. രണ്ടാഴ്ച പ്രായമായ പെൺകുഞ്ഞിനെ 10000 ദിർഹത്തിന് എത്യോപ്യൻ യുവതി വിൽക്കാൻ ശ്രമിക്കുകയാണെന്ന വിവരം ലഭിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഇതേതുടർന്ന്, കുഞ്ഞിനെ വാങ്ങാൻ താൽപര്യമുണ്ടെന്ന് വ്യാജേന വനിതാ പൊലീസിനെ അയക്കുകയായിരുന്നു. ഇതിലാണ് രണ്ടു സ്ത്രീകളും കുടുങ്ങിയത്.

അഞ്ചു വർഷം മുൻപാണ് യുവതി യുഎഇയിൽ എത്തിയതെന്ന് സംഭാഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. പത്തുമാസം ഒരു എമിറത്തി കുടുംബത്തിൽ ജോലി ചെയ്ത ഇവർ പിന്നീട് മുങ്ങുകയായിരുന്നു. നിയമവിരുദ്ധമായാണ് പിന്നീട് രാജ്യത്ത് തങ്ങിയത്. ഒരു സ്വദേശിയോടൊപ്പം താമസിക്കുകയും യുവതി ഗർഭിണി ആവുകയും ചെയ്തു. ഇതോടെ, സ്വദേശി തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.

യുവതിയെ ഗർഭിണിയാക്കിയെന്നു പറയുന്ന സ്വദേശി പുരുഷന്റെ മുൻഭാര്യയുടെ പ്രതികരണമാണ് കേസിൽ ശ്രദ്ധേയമായത്. ഇത്തരത്തിൽ ഒരു കുഞ്ഞു ജനിച്ച കാര്യം അറിഞ്ഞിരുന്നു. കുഞ്ഞിന് ഒന്നും സംഭവിക്കരുതെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. വീട്ടുജോലിക്കാരിയെ നേരിട്ട് കാണുകയും കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ അജ്മാനിലേക്ക് പോകണമെന്നും പറഞ്ഞു. എന്നാൽ, പണം ലഭിച്ചാൽ കുഞ്ഞിനെ വിൽക്കുമെന്ന് യുവതി പറഞ്ഞത് ആശ്ചര്യമുണ്ടാക്കി. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഈ യുവതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയതും വീട്ടുജോലിക്കാരിയെ പിടികൂടിയതും.