പല്ല് ഉൗരി വയ്ക്കാതെ കിടന്നുറങ്ങി; അബദ്ധത്തിൽ വിഴുങ്ങി: ഫിലിപ്പിനോ സ്ത്രീയ്ക്ക് ശസ്ത്രക്രിയ

ഫിലിപ്പിനോ സ്ത്രീ വെപ്പുപല്ല് അബദ്ധത്തിൽ വിഴുങ്ങി. ഉടൻ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി പല്ല് പുറത്തെടുത്തതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചു. റാസൽഖൈമയിലാണ് സംഭവം. പല്ല് ഉൗരി വയ്ക്കാതെ കിടന്നുറങ്ങിയപ്പോൾ 38കാരി അബദ്ധത്തിൽ അതു വിഴുങ്ങുകയായിരുന്നു. കുറച്ചു കഴിഞ്ഞ് അസ്വസ്ഥതയും ദാഹവും തോന്നി എണീറ്റ് വെള്ളം കുടിച്ചപ്പോഴാണ് പല്ല് വിഴുങ്ങിപ്പോയ കാര്യമറിഞ്ഞതെന്ന് ഫിലിപ്പിനോ സ്ത്രീ പിന്നീട് പറഞ്ഞു.

ശ്വസിക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ഇബ്രാഹിം ബിൻ ഹമദ് ഉബൈദുല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 മിനിറ്റിനുള്ളിൽ നടത്തിയ എൻഡോസ്കോപി ശസ്ത്രക്രിയയിലൂടെ കൃത്രിമ പല്ല് പുറത്തെടുത്ത് ജീവൻ രക്ഷിക്കുകയായിരുന്നു. യുവതിയുടെ അന്നനാളത്തിന്റെ മധ്യഭാഗത്ത് പല്ല് കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ.മറിയം അൽ ഖത്തരി പറഞ്ഞു.