ആത്മാർഥ സുഹൃത്തിനെ വിശ്വസിച്ചു; തിരിച്ചു കിട്ടിയത് കൊടുംചതി: നഷ്ടം 17 കോടി

ആത്മാർഥ സുഹൃത്തിനെ വിശ്വസിച്ച എമിറാത്തിക്ക് സംഭവിച്ചത് വൻ ചതി. അബുദാബിയിലാണ് ഹൃദയഭേദകമായ സംഭവം അരങ്ങേറിയത്. എമിറാത്തിയുടെ വില്ലയും ഭൂമിയും ആഡംബരകാറുമെല്ലാം നോക്കി നടത്തിയിരുന്ന ആത്മാർത്ഥ സുഹൃത്ത് വില്ലയും ഭൂമിയും ആഡംബരകാറുമെല്ലാം വിറ്റു കടന്നു കളയുകയായിരുന്നു. കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. 

കാര്യങ്ങൾ നോക്കി നടത്തുന്നതിനു വേണ്ടി അറബ് പൗരനായ സുഹൃത്തിന് ഇയാൾ വസ്തുക്കളുടെയും മറ്റും പവർ ഓഫ് അറ്റോർണി നൽകിയിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ആത്മാർഥ സുഹൃത്ത് സ്ഥലവും വില്ലയും കാറും വിറ്റത്. ഏതാണ്ട് ഒൻപത് മില്യൻ ദിർഹ (17.84 കോടി രൂപ)ത്തിന്റെ വസ്തുക്കളാണ് സുഹൃത്ത് വിറ്റത് എന്നാണു പരാതിയിൽ പറയുന്നത്.

സുഹൃത്തിന്റെ മുകളിലുണ്ടായിരുന്ന വിശ്വാസവും സ്നേഹവും കൊണ്ടാണ്  കാര്യങ്ങൾ നോക്കാൻ ഏൽപ്പിച്ചതെന്ന് തട്ടിപ്പിന് ഇരയായ വ്യക്തി കോടതിയിൽ പറഞ്ഞു. ‘ഒരു കുടുംബാംഗത്തെ പോലെയാണ് ഞാൻ അവനെ കണ്ടിരുന്നത്. പക്ഷേ, അവനോടുള്ള വിശ്വാസം എനിക്കെതിരെ ഉപയോഗിക്കുകയായിരുന്നു. മറ്റു ബിസിനസുകളുടെ തിരക്കുണ്ടായിരുന്നതിനാൽ ഈ വസ്തുവിന്റെയും ഭൂമിയുടേയും കാര്യങ്ങൾ നോക്കാൻ അവന് പവർ ഓഫ് അറ്റോർണി നൽകുന്നതാണ് നല്ലതെന്ന് വരുത്തി തീർത്തു. അങ്ങനെ വിശ്വാസത്തിന്റെ പുറത്താണ് രേഖ നൽകിയത്. എന്നാൽ, തന്റെ അനുവാദമില്ലാതെ ഏതാണ്ട് ഒൻപത് മില്യൻ ദിർഹം വരുന്ന വസ്തുക്കൾ സുഹൃത്ത് വിൽക്കുകയായിരുന്നു’– പരാതിക്കാരൻ കോടതിയിൽ വ്യക്തമാക്കി.

പക്ഷേ, താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും പവർ ഓഫ് അറ്റോർണി തന്റെ പേരിലാണെന്നും വിൽക്കാനുള്ള അധികാരം തനിക്കുണ്ടെന്നും പ്രതി സ്ഥാനത്തുള്ള വ്യക്തി കോടതിയിൽ പറഞ്ഞു. അങ്ങനെയാണെങ്കിൽ വസ്തുക്കൾ വിറ്റ് ലഭിച്ച പണം മുഴുവൻ യഥാർഥ ഉടമയായ തന്റെ കക്ഷിക്ക് കൈമാറണമെന്നു പരാതി ഉന്നയിച്ച വ്യക്തിയുടെ അഭിഭാഷകൻ മുഹമ്മദ് അൽ മർസൂഖി കോടതിയിൽ ആവശ്യപ്പെട്ടു. വാദം കേട്ട കോടതി കേസ് ഒക്ടോബർ രണ്ടിലേക്ക് മാറ്റിവച്ചു. ഇരു ഭാഗത്തിനും വിശദമായി അവരുടെ വാദങ്ങൾ ഉന്നയിക്കാൻ അവസരവും നൽകി.