സ്പോൺസറെ ചതിച്ച് ദുബായിൽ ഫിലിപ്പിനിയുടെ അവിഹിതം; ഇന്ത്യൻ കാമുകന് കെണിയായത് ചിത്രങ്ങൾ

സ്പോൺസറെ ചതിച്ച് അദ്ദേഹത്തിന്റെ വില്ലയിൻ വച്ച് കാമുകനുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ട ഫിലിപ്പിനി യുവതിയ്ക്കെതിരായ കേസ് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ പരിഗണനയിൽ. സ്പോൺസറുടെ അനുവാദം ഇല്ലാതെ ഇന്ത്യക്കാരനായ ഡ്രൈവറെ വില്ലയിൽ പ്രവേശിപ്പിക്കുകയും അവിഹിതമായ രീതിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തതാണ് കേസ്. 32 വയസ്സുള്ള ഫിലിപ്പിൻ യുവതിയും സ്പോൺസറുടെ ഡ്രൈവറായ 30 വയസ്സുള്ള ഇന്ത്യക്കാരനുമാണ് പ്രതികൾ. ഈ വർഷം ജൂൺ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

74 വയസ്സുള്ള മുൻസൈനിക ഉദ്യോഗസ്ഥനാണ് സ്പോൺസർ. കഴിഞ്ഞ ആറു വർഷമായി ഫിലിപ്പിൻ യുവതി ഇയാളുടെ വീട്ടിലാണ് ജോലി ചെയ്തിരുന്നത്. തന്റെ വില്ലയിൽ നിന്നും ഫിലിപ്പീൻ യുവതി മറ്റൊരു യുവാവിനൊപ്പം നിൽക്കുന്ന ചില ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തുവെന്ന് ബന്ധുക്കൾ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്ന് സ്പോൺസർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. തുടർന്ന് യുവതിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ ഞെട്ടി. അപരിചിതനായ വ്യക്തിയും യുവതിയും ചേർന്നുള്ള ചിത്രങ്ങൾ തന്റെ വില്ലയുടെ ലിവിങ് റൂമിലും മെയിൻ ഹാളിലും ഉള്ളതായിരുന്നുവെന്നും സ്പോൺസർ പറഞ്ഞു.

റാസൽഖൈമയാണ് സ്പോൺസറുടെ സ്വദേശം. എല്ലാ വെള്ളിയാഴ്ചകളിലും കുടുംബത്തോടൊപ്പം ഇയാൾ അങ്ങോട്ടു പോവും. ഈ സമയം ഫിലിപ്പീൻ വീട്ടുജോലിക്കാരിയെ വിശ്വസിച്ച് വില്ല ഏൽപ്പിച്ചാണ് പോയിരുന്നത്. ഈ സമയത്താണ് യുവതി മറ്റുപുരുഷൻമാരെ വില്ലയിലേക്ക് ക്ഷണിച്ചിരുന്നതെന്ന് വ്യക്തമായി. ഒരു ഫിലിപ്പിൻ യുവാവിനെയും ഇന്ത്യക്കാരനായ തന്റെ ഡ്രൈവറെയും താനില്ലാത്ത സമയത്ത് രഹസ്യമായി വില്ലയിലേക്ക് വിളിച്ചു വരുത്തിയതിലൂടെ തന്റെ വിശ്വാസമാണ് യുവതി ഇല്ലാതാക്കിയതെന്നും സ്പോൺസർ പറഞ്ഞു. 

യുവതിയുടെ നീക്കങ്ങൾ മനസിലായപ്പോൾ വില്ലയുടെ ഹാളിലും അകത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചുവെന്നും ഇതിൽ കാര്യങ്ങളെല്ലാം വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നും സ്പോൺസർ വ്യക്തമാക്കി. മറ്റാരും ഇല്ലാത്ത ഒരു ദിവസം ഇന്ത്യക്കാരനായ ഡ്രൈവർ വില്ലയിലേക്ക് വരികയും യുവതിയുമായി അടുത്തിടപഴകുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഡ്രൈവർക്ക് വില്ലയ്ക്ക് പുറത്തുള്ള സ്ഥലത്താണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. ഇയാൾക്ക് വില്ലയ്ക്ക് അകത്ത് കയറേണ്ട ആവശ്യമില്ലെന്നും സ്പോൺസർ പറയുന്നു. 

ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളെ കുറിച്ച് വീട്ടുജോലിക്കാരിയുമായി സംസാരിച്ചുവെന്ന് സ്പോൺസർ അന്വേഷണ ഉദ്യോഗസ്ഥരോട് പറ‍ഞ്ഞു. വില്ലയ്ക്കുള്ളിൽ മറ്റു പുരുഷൻമാരെ കൊണ്ടുവന്നിരുന്നുവെന്നു തന്നോടും ഭാര്യയോടും ഫിലിപ്പിന്‍ യുവതി സമ്മതിച്ചുവെന്ന് സ്പോൺസർ പറഞ്ഞു. ഞങ്ങൾ ഇല്ലാത്ത സമയങ്ങളിൽ വീട്ടുജോലി ചെയ്യുന്ന മറ്റൊരു സ്ത്രീയുടേയും രണ്ടു പുരുഷൻമാരുടെയും ഒപ്പം ദുബായിലെ മാളുകളിലും മറ്റും കറങ്ങാൻ പോയിരുന്നുവെന്നും യുവതി സമ്മതിച്ചു. 

ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ കാണുന്ന മോതിരം താൻ മോഷ്ടിച്ചതാണെന്നും വീട്ടുജോലിക്കാരി സമ്മതിച്ചു. ഈ മോതിരം കാണാതെ പോയെന്നു കാണിച്ച് സ്പോൺസർ ജൂലൈ രണ്ടിന് അൽ ഖാസിസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കേസിൽ ഉൾപ്പെട്ട ഫിലിപ്പിൻ യുവതിയും ഇന്ത്യക്കാരനായ ഡ്രൈവറും കുറ്റം സമ്മതിച്ചു. കേസ് വീണ്ടും സെപ്റ്റംബർ 19ന് പരിഗണിക്കും.