‘പിടിവിട്ട്’ കാര്‍ ചീറിപ്പാഞ്ഞു; സാഹസികമായി രക്ഷിച്ച് അബുദാബി പൊലീസ്: വിഡിയോ

അപകടത്തിലേക്ക് കൂപ്പുകുത്തേണ്ട കാറിനെ സാഹസികമായി രക്ഷിച്ച് അബുദാബി പൊലീസ്. അബുദാബി-അല്‍ഐന്‍ റോഡിലായിരുന്നു സംഭവം. വാഹനത്തിന്റെ വേഗത ഒരേതരത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ച് 130 കിലോമീറ്റര്‍ വേഗത്തിലാണ് അല്‍ഐന്‍ സ്വദേശിയായ ഡ്രൈവര്‍ വാഹനം ഓടിച്ചിരുന്നത്.

മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കവെ, ക്രൂയിസ് കണ്‍ട്രോള്‍ തകരാറിലായി വേഗത കുറയ്ക്കാതെ കഴിയാതെ വന്നപ്പോഴാണ് ഡ്രൈവര്‍ പൊലീസിന്റെ സഹായം തേടിയത്. 15 പൊലീസ് വാഹനങ്ങള്‍ അണിനിരന്ന് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ആര്‍ക്കും പരിക്കില്ലാതെ കാറിനെ അബുദാബി പൊലീസ് നിയന്ത്രണത്തിലാക്കി.

വേഗത കുറയ്ക്കാന്‍ നോക്കിയപ്പോഴാണ് ഫോര്‍ വീല്‍ ഡ്രൈവ് എസ്‍യുവിയുടെ ബ്രേക്ക് തകരാറിലായെന്ന് തിരിച്ചറിഞ്ഞത്. താന്‍ അപ്പോള്‍ തന്നെ മരണം ഉറപ്പിച്ചെന്നായിരുന്നു ഡ്രൈവര്‍ അപകടശേഷം പറഞ്ഞത്. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാകുന്നത്. ബ്രേക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഗിയര്‍ ന്യുട്രലിലേക്ക് മാറ്റിയിട്ടും വാഹനത്തിന്റെ വേഗത കുറയ്ക്കാന്‍ കഴിഞ്ഞില്ല.

ഭയന്നുപോയ ഡ്രൈവർ പൊലീസിന്റെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സ്റ്റെന്ററുമായി 999 എന്ന നമ്പറില്‍ ബന്ധപ്പെട്ടു. ഡ്രൈവറുടെ പരിഭ്രമം മാറ്റി അദ്ദേഹത്തെ മാനസികമായ തയ്യാറാക്കുന്നതിനാണ് തങ്ങള്‍ ആദ്യം ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം തന്നെ 15 പൊലീസ് പട്രോള്‍ കാറുകള്‍ സ്ഥലത്തേക്ക് കുതിച്ചു. 

മുന്നിലുള്ള റോഡില്‍ നിന്ന് മറ്റ് വാഹനങ്ങളെ നിയന്ത്രിച്ച ശേഷം ഒരു പൊലീസ് പട്രോള്‍ കാര്‍ നേരെ മുന്നിലെത്തിച്ചു. വേഗത സാവധാനം കുറച്ചു. ഇരുവാഹനങ്ങളും തമ്മില്‍ കൂട്ടിമുട്ടിയതിന് ശേഷം പൊലീസ് വാഹനം സാവധാനത്തില്‍ വേഗത കുറച്ച് സുരക്ഷിതമായി നിര്‍ത്തുകയും ചെയ്തു. ഡ്രൈവറുടെ ഫോൺവിളി ലഭിച്ചപ്പോൾ തന്നെ പൊലീസ് സർ‍വസജ്ജമായിരുന്നുവെന്ന് അബുദാബി പൊലീസ് പറയുന്നു. ഇൗ മുൻകരുതലാണ് വലിയ അപകടം ഒഴിവാക്കിയത്.