വാടകയ്ക്ക് നല്‍കി പുലിവാലായി; ആരു ഏറ്റെടുക്കാതെ ദുബായില്‍ ലംബോര്‍ഗിനി

വാടകയ്ക്ക് കാർ നൽകി പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു കാർ ഉടമ. ദുബായിലാണ്  ദിവസം 3000 ദിര്‍ഹം വാടക വരുന്ന ആഡംബരകാറായ ലംബോര്‍ഗിനി ആരും ഏറ്റെടുക്കാനില്ലാതെ തർക്കത്തിൽ കിടക്കുന്നത്. പാം ജുമൈറയിലെ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന് നിലവിൽ 1.72 ലക്ഷം ദിര്‍ഹത്തിന്റെ ട്രാഫിക് പിഴയാണ് അധികൃതർ ചുമത്തിയിരിക്കുന്നത്. പരിധിവിട്ട് കാർ അതിവേഗത്തിൽ ദുബായി നഗരത്തിലൂടെ പാഞ്ഞതിനാണ് ഇൗ പിഴ. എന്നാൽ കഥയിലെ വില്ലൻ കാറിന്റെ ഉടമയല്ല. കാർ വാടകയ്ക്ക് എടുത്ത ബ്രിട്ടീഷ് പൗരനാണ്.  

രണ്ടുദിവസത്തേക്കാണ് ദുബായിലെത്തിയ ബ്രിട്ടീഷ് പൗരൻ ലംബോർഗിനി വാടകയ്ക്ക് എടുത്തത്. കാർ കയ്യിൽ കിട്ടിയ സന്തോഷത്തിൽ ദുബായിലൂടെ ഇയാൾ പാഞ്ഞത് 162 കിലോമീറ്റർ വേഗത്തിൽ. ഇതോടെ അമിത വേഗത്തിൽ വാഹനമോടിച്ചതിന് പിഴയും ചുമത്താൻ തുടങ്ങി.  വെറും 234 മിനിറ്റ് കൊണ്ട് ഇയാൾ കാറിന് വാങ്ങി നൽകിയ. പിഴ 1,72,380 ദിര്‍ഹമായിരുന്നു. ഇതോടെ ഉടമയും വാടകക്കാരനും തമ്മില്‍ തര്‍ക്കമായി. ഫൈൻ അടയ്ക്കാൻ ഉടമ ആവശ്യപ്പെട്ടെങ്കിലും ഇയാൾ അതിന് വഴങ്ങിയില്ല. പ്രതിദിനം 3000 ദിര്‍ഹം വാടക ലഭിക്കുന്ന കാര്‍ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിയാത്തതിലൂടെ തനിക്ക് 42,000 ദിര്‍ഹത്തിന്റെ നഷ്ടം അല്ലാതെയും ഉണ്ടായെന്ന് വാടക കമ്പനി ഉടമ മുഹമ്മദ് ഇബ്രാഹീം പറഞ്ഞു.

ജൂലൈ 30നാണ് ബ്രിട്ടീഷ് പൗരനായ യുവാവ് ലംബോർഗിനി കാര്‍ വാടകയ്ക്ക് എടുത്തത്. രണ്ട് ദിവസത്തേക്കായിരുന്നു കരാര്‍. 6000 ദിര്‍ഹവും ഇയാള്‍ നല്‍കി. കാറുകള്‍ വാടകയ്ക്ക് കൊടുക്കുമ്പോള്‍ എടുക്കുന്നയാളുടെ കാര്‍ഡില്‍ നിന്ന് 3000 മുതല്‍ 5000 ദിര്‍ഹം വരെ സെക്യൂരിറ്റി ഡെപ്പോസിറ്റായി ബ്ലോക്ക് ചെയ്യാറുണ്ടായിരുന്നതാണ്. എന്നാല്‍ തന്റെ കാര്‍ഡില്‍ ഇങ്ങനെ ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ ഇയാള്‍ സെക്യൂരിറ്റി നിക്ഷേപം പണമായി നല്‍കാമെന്ന് പറയുകയായിരുന്നു. അത് പറ്റില്ലെന്നും സെക്യൂരിറ്റി നിക്ഷേപം കാര്‍ഡില്‍ തന്നെ ബ്ലോക്ക് ചെയ്യണമെന്ന് പറഞ്ഞതോടെ അടുത്ത ദിവസം തന്റെ ക്രെഡിറ്റ് കാര്‍ഡ് നല്‍കാമെന്നും അതുവരെ പാസ്‍പോര്‍ട്ട് ഉറപ്പിനായി നല്‍കാമെന്നും ഇയാൾ സമ്മതിച്ചു.

എന്നാൽ ഇയാൾ കാറുമായി പോയതിന് പിന്നാലെ 162 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചതിന് പിഴ ഈടാക്കിക്കൊണ്ട് ആദ്യത്തെ എസ്എംഎസ് ഉടമയ്ക്ക് ലഭിച്ചു. പിന്നീട് ഇത്തരത്തിലുള്ള 34 സന്ദേശങ്ങള്‍ കൂടി ലഭിച്ചു. ജിപിഎസ് സംവിധാനത്തിലൂടെ കാര്‍ ട്രാക്ക് ചെയ്തപ്പോള്‍ ജുമൈറയിലൂടെ സഞ്ചരിക്കുകയാണെന്ന് മനസിലായി. കാര്‍ ഹോട്ടലില്‍ എത്തിയതോടെ ഉടമ കാറിലെ പ്രത്യേക സംവിധാനം ഉപയോഗിച്ച് എഞ്ചിന്‍ ഓഫ് ചെയ്തു. ഇതോടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി വാടകക്കാരൻ ഉടമയെ വിളിച്ചു. പിഴ അടയ്ക്കണമെന്ന് ഉടമ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല.

ഇതെതുടർന്ന് കാറുടമ കോടതിയെ സമീപിച്ച് ബ്രിട്ടീഷ് പൗരന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനം ഓടിച്ചയാള്‍ പിഴ അടയ്ക്കണമെന്നാണ് ഉടമയുടെ നിലപാട്. ദുബായിലെ വേഗപരിധി അറിയാത്ത ആളാണെങ്കില്‍ പോലും ലംബോര്‍ഗിനി കാറില്‍ വേഗതാമുന്നറിയിപ്പ് സംവിധാനങ്ങളുണ്ട്. ഇതൊക്കെ അവഗണിച്ച് വാങ്ങിയ പിഴയെല്ലാം വാടകക്കാരന്‍ തന്നെ അടയ്ക്കാണമെന്നാണ് ഉടമയുടെ പക്ഷം.