ചെറിയപെരുന്നാളിനായി തയ്യാറെടുത്ത് ഗൾഫ് രാജ്യങ്ങള്‍

ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയപെരുന്നാൾ. ഇരുപത്തിയൊൻപത് ദിവസത്തെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തികുറിച്ച് ഗള്‍ഫിലെ വിശ്വാസികള്‍ ചെറിയ പെരുനാളിന്‍റെ വലിയ ആഘോഷത്തിലേക്ക്. നോമ്പിലൂടെ നേടിയെടുത്ത ആത്മചൈതന്യത്തിന്‍റെ കരുത്തിലാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്. 

ശവ്വാൽ ചന്ദ്രിക മാനത്ത് തെളിഞ്ഞതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ പരിശുദ്ധ റമസാൻ ആഘോഷം തുടങ്ങി. പെരുനാളിന്‍റെ വരവറിയിച്ച് ആരാധനാലയങ്ങളില്‍ തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നു. ചെറിയ പെരുനാളിന്‍റെ വലിയ ആഘോഷ ദിനത്തില്‍ സക്കാത്ത് നൽകി വിശ്വാസികൾ വിശുദ്ധജീവിതത്തിന് മാറ്റുകൂട്ടുന്നു. 

പുലർച്ചെ തുടങ്ങി പള്ളികളിലും ഈദ് ഗാഹുകളിലുമായി പ്രത്യേകപ്രാർഥന നടക്കും. അതേസമയം, നാടും നഗരവും പെരുനാള്‍ തിരക്കിലാണ്. വസ്ത്ര, ഭക്ഷണ വിപണികൾ സജീവമായി. വെള്ളിയാഴ്ചയും പെരുനാളും ഒത്തുവന്നതിന്റെ ഇരട്ടിമധുരമുണ്ട് ഇത്തവണ. സ്വകാര്യ മേഖലയ്ക്ക് രണ്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാലും ദിവസം അവധിയുള്ളതിനാല്‍ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ദിവസങ്ങൾ നീളുന്ന ആഘോഷത്തിലാണ്.