ഉറങ്ങാത്ത നഗരത്തിന്റെ സ്നേഹവെളിച്ചമായി 'സലാ', കനൽവഴി താണ്ടിയ പോരാളി

ദുബായ് ∙ ഈജിപ്തിൽ നോമ്പുകാലത്ത് വർണവിളക്കുകൾ കൊണ്ട് വീടുകളും തെരുവുകളും അലങ്കരിക്കും. ഫാനൂസ് എന്നറിയപ്പെടുന്ന വിളക്കുകൾ ഈ വ്രതകാലത്ത് തെളിയുന്നത് മുഹമ്മദ് സലാ എന്ന ഫുട്‍ബോൾ താരത്തിന്റെ ചിരിക്കുന്ന മുഖത്തോടെയാണ്. ‘ഒരിക്കലും ഉറങ്ങാത്ത നഗര’മെന്ന കേളിയുള്ള കൈറോ നഗരത്തിന്റെ ചുവർ ചിത്രങ്ങലിലും ‘സലാ’യുടെ രൂപം തുടിക്കുന്നുണ്ട്. ഹുക്കവലിച്ചു വെടിപറയാന്‍ ഒത്തുകൂടുന്ന വൈകുന്നേര കോഫി ഷോപ്പുകളിലും സലയാണ് സംസാരം. നാടും നഗരവും ഇരുപത്തിയാറുകാരൻ കയ്യടക്കിയെന്നാണ് ദുബായിലെ ‘മിസ്‌രി’കള്‍ പറയുന്നത്.  

ഈജിപ്തിലെ ഒരു ഗ്രാമത്തിലെ ക്ലബ്ബില്‍ പന്ത് തട്ടി തുടങ്ങിയ മുഹമ്മദ് സലാ ലോക ഫുട്ബോളിന്റെ നെറുകയിൽ തൊട്ടതോടെ ഈജിപ്ഷ്യൻ യുവാക്കൾക്ക് കാൽപന്ത് കളിയോട് തന്നെ ഹരം കൂടി. യൂറോപ്യന്‍ കിരീടത്തിനായി റയൽ മഡ്രിഡും ലിവർപൂളും തമ്മില്‍    കളിച്ചുകൊണ്ടിരിക്കെ സെര്‍ജിയോ റാമോസ് സലായ്ക്ക് കൈപ്പൂട്ടിട്ടു. കീവിലെ കളിക്കളത്തിൽ തോള്‍ തെറ്റി സലാ വീണപ്പോൾ പിടഞ്ഞത് ഈജിപ്ത് മാത്രമായിരുന്നില്ല അറബ് ലോകത്തെ ഫുട്ബോൾ പ്രേമികള്‍ ഒന്നടങ്കമായിരുന്നു. 

വന്നത് കനൽ വഴികളിലൂടെ  

കുടുംബത്തിന്റെ സാമ്പത്തിക ഞെരുക്കം കാരണം കോളേജ് പഠനം വഴിമുട്ടിയ മുഹമ്മദ് സലായ്ക്ക് ഫുട്ബാൾ ജീവിതവഴി തുറക്കുകയായിരിക്കുന്നു. 2010 ൽ ഈജിപ്ത്‌ജിലെ ഒരു പ്രാദേശിക ക്ലബ്ബിനു വേണ്ടി ജഴ്‌സിയണിഞ്ഞു പരിശീലന കളരിയിൽ ഇറങ്ങിയ ചെറുപ്പക്കാരന്‍റെ പന്തടക്കവും മെയ് വഴക്കവും തിരിച്ചറിഞ്ഞ ഫുട്ബോൾ കോച്ച് കൂടുതൽ അവസരങ്ങൾക്കായി പരിശ്രമിച്ചു. പലതരം പരിഹാസങ്ങളും പിന്തിരിപ്പിക്കുന്ന വാക്കുകളും നേരിടേണ്ടി വന്നെങ്കിലും കളിയിൽ നിന്നും അണുയിട  പിന്തിരിയാതെ സലാ  പിടിച്ചു നിന്നു . പ്രതീക്ഷയോടെ മുന്നേറി കളിക്കളത്തിൽ വീര്യവും ശൗര്യവും തെളിയിച്ചു സൂപ്പര്‍ താരമായി.

പങ്കെടുക്കുന്ന മത്സരങ്ങളിൽ എല്ലാം ‘ഗോൾ യന്ത്രമായി’ കാണികളെ ത്രസിപ്പിച്ചും തിളപ്പിച്ചും നിർത്താൻ സലായ്ക്ക് സാധിച്ചു. ഇടതുകാലുകൊണ്ട്‌ പന്തുരുട്ടി പുല്‍മൈതാനത്ത് ചിത്രം വരച്ചു എതിരാളികളെ വെള്ളം കുടിപ്പിക്കാന്‍ കഴിയുന്ന മാസ്മരികതയാണ് സലായുടെ കരുത്ത്. രാജ്യാന്തര ഫുട്ബോള്‍ മത്സരങ്ങളില്‍    ഓരോ ഗോളുകളും സലായുടെ ബൂട്ടില്‍ നിന്ന് പിറന്നപ്പോൾ അതു ഈ ഈജിപ്ഷ്യൻ താരത്തെ ലോക ഫുട്‍ബോൾ ആരാധകരുടെ ഹൃദയത്തിലേക്കുള്ള കുടിയേറ്റമാക്കി മാറ്റി. 2012 ൽ സ്വിസ് ക്ലബ്ബുയുമായി കരാർ ഉറപ്പിക്കുന്നതിലേക്ക് കാര്യങ്ങളെത്തി. 42 മില്യൺ യൂറോ പ്രതിഫലം ഉറപ്പിച്ചാണ് ലിവർപൂളിനായി ജഴ്സിയണിഞ്ഞത്.  

കുടുംബം, വിവാഹം  

കളിക്കൂട്ടുകാരി മാജി മുഹമ്മദിനെയാണ് മുഹമ്മദ് സാലെ വിവാഹം ചെയ്തത്. 2013ല്‍ ആയിരുന്നു വിവാഹം. ഏക മകളുടെ പേരിലുമുണ്ട് പുതുമ: ‘ മക്ക’.    

സന്നദ്ധപ്രവര്‍ത്തകന്‍, സഹൃദയന്‍ 

സാമ്പത്തിക പ്രയാസം ജീവിതത്തില്‍ ആവോളം അനുഭവിച്ച കളിക്കാരന്‍ ഇല്ലായ്മയുടെയും വല്ലായ്മയുടെയും തീവ്രത അനുഭവിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരാള്‍ക്കും അത്തരം ദുരിതങ്ങള്‍ നേരിടേണ്ടി വരരുതെന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു. കളിച്ചു ലഭിക്കുന്ന തുകയില്‍ നിന്നും അവശരും അശരണരുമായ പഴയകാല ഫുട്ബോള്‍ താരങ്ങളുടെ ജീവിതാഭിവൃദ്ധിക്കായി സംഭാവന നല്‍കുന്നു. നിരവധി സാമൂഹിക, സന്നദ്ധ സംഘടനകള്‍ക്കും പണം നല്‍കി സഹായിക്കുന്നു. 

ഈജിപ്തിലെ യുവാക്കള്‍ ലഹരിയിലേക്ക് വഴുതിവീഴുന്നത് തടയാന്‍ മയക്കമരുന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഈ ജനകീയ താരം സജീവമാണ്. ഈജിപ്ത്, അറബ് ദേശങ്ങള്‍, ആഫ്രിക്ക എന്നതിന് പുറമേ ലോകം ഒന്നടങ്കം വ്രതമാസത്തില്‍ ഇപ്പോള്‍ പ്രാര്‍ഥിക്കുന്നു: സലായുടെ പരുക്ക് വേഗത്തില്‍ ഭേദമാകാന്‍. കാരണം ലോകകപ്പില്‍ പന്തുരുളുന്ന രണ്ടാം ദിവസം പോരാട്ടക്കളരിയില്‍ പടച്ചട്ടയണിഞ്ഞ ‘സലാ’ ഉണ്ടായിരിക്കണം എന്നത് ഫുട്ബോള്‍ പ്രേമികളുടെ തീവ്രമായ ആഗ്രഹമാണ്.