ദിർഹം-രൂപ വിനിമയ നിരക്കിൽ വർധന തുടരുന്നു

രൂപയുടെ മൂല്യം കുറഞ്ഞതോടെ ദിർഹം-രൂപ വിനിമയ നിരക്കിൽ വർധന തുടരുന്നു. ഇന്ത്യയിലേക്കുള്ള പണമൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. വിനിമയ നിരക്ക് ഇനിയും കൂടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

ഒരു ദിര്‍ഹത്തിന് 18 രൂപ 57 പൈസയാണ് ഇന്ന് ലഭിച്ച മികച്ച നിരക്ക്. കഴിഞ്ഞ ദിവസം 18 രൂപ 59 പൈസ വരെ ലഭിച്ചിരുന്നു. മറ്റു ജിസിസി കറന്‍സികളിലും ആനുപാതിക വര്‍ധനയുണ്ട്. ഇതോടെ പണമിടപാട് സ്ഥാപനങ്ങളില്‍ തിരക്ക് വർധിച്ചു. നിരക്ക് പതിനെട്ടിന് മുകളിലേക്ക് കയറിയതോടെ തന്നെ ഇന്ത്യയിലേക്ക് പണം അയച്ചവരുടെ എണ്ണത്തില്‍ പത്തു ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിൽ ദിർഹം-രൂപ വിനിമയ നിരക്ക് 19 രൂപ വരെ ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ മികച്ച നിരക്കിനായി കാത്തിരിക്കുന്നവരുമുണ്ട്. നിക്ഷേപം ആഗ്രഹിച്ച് അയക്കുന്നവരാണ് മെച്ചപ്പെട്ട വിനിമയ നിരക്കിനായി കാത്തിരിക്കുന്നത്. എണ്ണ വില ഉയരുന്നതും ഓഹരി വിപണികളിലെ തളർച്ചയും ഡോളര്‍ കരുത്താര്‍ജിക്കുന്നതുമാണ് രൂപയ്ക്ക് വിനയായത്. യൂറോയും പൌണ്ടും ഉൾപ്പെടെ ഒട്ടുമിക്ക കറൻസികളും ദുർബലമായിട്ടുണ്ട്.