വായനോത്സവത്തില്‍ ഷെയ്ഖ് സുല്‍ത്താന്‍ ചെലവഴിച്ചത് മണിക്കൂറുകള്‍

ഷാര്‍ജ: അക്ഷരോപാസകനായ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എക്സ്പോ സെന്‍ററില്‍ ആരംഭിച്ച പത്താമത് കുട്ടികളുടെ വായനോത്സവത്തില്‍ ചെലവഴിച്ചത് മണിക്കൂറുകള്‍. രാവിലെ 9.30ന് എത്തിയ അദ്ദേഹം തിരിച്ചുപോയത് 12 മണി കഴിഞ്ഞാണ്. അതുവരെ കൊച്ചുകൂട്ടുകാരോട് കുശലം പറഞ്ഞും അവരെ തന്നിലേയ്ക്കടുപ്പിച്ചും വായനോത്സവം മുഴുവന്‍ നടന്നുകണ്ടത് അദ്ദേഹത്തിന് കുട്ടികളോടും പുസ്തകങ്ങളോടും വായനയോടുമുള്ള താത്പര്യത്തിന് ഉദാഹരണമായി. കണ്ടുനിന്നവര്‍ക്ക് മധുരിക്കുന്ന നിമിഷങ്ങളാണ് ഇത്  സമ്മാനിച്ചത്. 

ഷെയ്ഖ് ഡോ.സുല്‍ത്താന്‍റെ നിര്‍ദേശാനുസരണം ഷാര്‍ജ ബുക്ക് അതോറിറ്റിയാണ് പത്താമത് കുട്ടികളുടെ വായനോത്സവം സംഘടിപ്പിച്ചത്. ഒാരോ വര്‍ഷവും കുട്ടികളുടെ വായനോത്സവത്തിന് ജനപ്രീതി വര്‍ധിച്ചുവരുന്നുണ്ട്. പുസ്തകപ്രദര്‍ശനത്തിനും വില്‍പനയ്ക്കും പുറമേ, കുട്ടികള്‍ക്ക് വേണ്ടി ഒട്ടേറെ കലാ ശാസ്ത്ര പരിപാടികളും മത്സരങ്ങളും വായനോത്സവത്തില്‍ നടക്കുന്നു.  ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നത് ഇക്കാരണം കൊണ്ടാണ്.

മുപ്പതിലേറെ ചരിത്ര-ഗവേഷണ ഗ്രന്ഥങ്ങൾ, പത്ത് നാടകങ്ങളടക്കം ഇരുപതോളം സാഹിത്യ കൃതികൾ എന്നിവ രചിച്ച ലോക പ്രശസ്തനായ എഴുത്തുകാരൻ കൂടിയാണ് ഷാര്‍ജ ഭരണാധികാരി. നിത്യേന മുന്നൂറോളം പേജുകൾ വായിക്കാറുള്ള ഇദ്ദേഹത്തിന്റെ കൃതികളിൽ മിക്കതും ഇംഗ്ലീഷിലേയ്ക്കും അതുവഴി ഫ്രഞ്ച്, ഇറ്റലി, ചൈന, തുർക്കി, സ്പാനിഷ്, ജർമ്മൻ, റഷ്യൻ, ഉറുദു, റൊമാനിയൻ ഭാഷകളിലേയ്ക്കും വിവർത്തനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഭാഷയിൽ ഷെയ്ഖിന്റെ കൃതികൾ പുറത്തിറങ്ങിയിട്ടുള്ളത് മലയാളത്തിലും ഉറുദുവിലും മാത്രം. 

മലയാളത്തിലെത്തിയ നാല് പുസ്തകങ്ങളിലൊന്ന് മലയാള കവയിത്രി ഒ.വി.ഉഷ വിവർത്തനം ചെയ്ത വെള്ളക്കാരൻ ഷെയ്ഖ് എന്ന കൃതിയാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ മധ്യപൂർവദേശത്തിൻ്റെ ചരിത്രം പറയുന്ന നോവലിൽ പലപ്പോഴായി ഇന്ത്യ കടന്നുവരുന്നു. അറബ് ലോകം കടന്നുപോയ സങ്കീർ​ണമായ സാഹചര്യങ്ങൾ ചരിത്രരൂപത്തിൽ ​ഷെയ്ഖ് സുൽത്താൻ ​രചിച്ച​ത് ഇതിനകം തന്നെ ലോക ശ്രദ്ധ നേടിയിട്ടുണ്ട്. ​തന്റെ ബാല്യകാലം വിവരിക്കുന്ന മൈ ഇയർലി ഡേയ്സ്(എന്റെ ആദ്യകാല ദിനങ്ങൾ) ഒട്ടേറെ വായനക്കാരുടെ മനം കവർന്ന പുസ്തകമാണ്. 

അടുത്തിടെയാണ് ഇൗ പുസ്തകം പ്രവാസി എഴുത്തുകാരൻ അബ്ദു ശിവപുരം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്. മലയാളത്തിലെത്തിയ മറ്റു രണ്ട് പുസ്തകങ്ങൾ ചരിത്ര കൃതികള്‍. എ മെമോറാണ്ടം ഫോർ ഹിസ്റ്റോറിയൻ ഒാൺ ദി ഇന്നസൻസ് ഒാഫ് ഇബ്ന് മാജിദ് (2000), ഡീപ് സീറ്റഡ് മാലിസ് എന്നിവ(2008). അൽ ഖാസിമി പബ്ലിക്കേഷനാണ്  ​എല്ലാ ​കൃതിക​ളും പ്ര​സിദ്ധീകരിച്ചിട്ടുള്ളത്