മൃതദേഹങ്ങൾ തൂക്കി നോക്കി നിരക്ക് ഈടാക്കുന്ന രീതി എയർ അറേബ്യ അവസാനിപ്പിച്ചു

യുഎഇയില്‍നിന്ന് ഇന്ത്യയിലേക്ക് കൊണ്ടു പോകുന്ന മൃതദേഹങ്ങൾ തൂക്കി നോക്കി നിരക്ക് ഈടാക്കുന്ന രീതി എയർ അറേബ്യ അവസാനിപ്പിച്ചു. പുതിയ രീതി അനുസരിച്ച് ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിന് 1100 ദിർഹമായിരിക്കും എയർ അറേബ്യ ഈടാക്കുക. 

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടു പോകുന്ന മൃതദേഹങ്ങൾ തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്ന രീതി അവസാനിപ്പിക്കുന്ന ആദ്യ വിമാനക്കന്പനിയാണ് ഷാർജ ആസ്ഥാനമായുള്ള എയർ അറേബ്യ. ഷാർജ സർക്കാർ ഉടമസ്ഥയിലുള്ള എയർ അറേബ്യയുടെ കാർഗോ വിഭാഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഇതനുസരിച്ച് യുഎഇയില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇരുപതിനായിരം രൂപയോളം മതിയാകും. മൃതദേഹത്തിന്‍റെ ഭാരത്തിന് അനുസരിച്ചുള്ള നിരക്കാണ് വിവിധ എയര്‍ലൈനുകള്‍ ഈടാക്കി കൊണ്ടിരിക്കുന്നത്. തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്നത് മൃതദേഹത്തോടുള്ള അനാദരവാണെന്ന് വിമർശനമുയർന്നിരുന്നു. ഈ രീതി മാറ്റണമെന്നും സൌജന്യമായി മൃതദേഹം നാട്ടിലെത്തിക്കണമെന്നുമുള്ള ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സാമൂഹിക പ്രവര്‍ത്തകരും സംഘടനകളും വര്‍ഷങ്ങളായി ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവരികയാണ്. പാക്കിസ്ഥാൻ അടക്കമുള്ള പല രാജ്യങ്ങളിലേയും വിമാനക്കന്പനികൾ സൌജന്യമായാണ് പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നത്.