കാത്തിരിപ്പിന് വിരാമം; പുതിയ ഷാർജ ഇന്ത്യൻ സ്കൂൾ 19ന് പ്രവർത്തനമാരംഭിക്കും

നീണ്ട കാത്തിരിപ്പിന് വിരാമമിട്ടു ജുവൈസയിൽ പുതുതായി നിർമിച്ച ഷാർജ ഇന്ത്യൻ സ്കൂൾ ഇൗ മാസം 19ന് സംഘടിപ്പിക്കുന്ന ആക്ടിവിറ്റി ‍ഡേയിൽ പ്രവർത്തനമാരംഭിക്കും. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.വൈ.എ.റഹീം അധ്യക്ഷത വഹിക്കും. വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാ പരിപാടികളും അരങ്ങേറും. 

കുറഞ്ഞ ഫീസിൽ മികച്ച വിദ്യാഭ്യാസം നൽകുന്ന ഷാർജ ഇന്ത്യൻ സ്കൂളിൽ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കാൻ പുതിയ സ്കൂൾ വഴിയൊരുക്കും. ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ 5600 ആൺകുട്ടികൾക്കാണ് സ്കൂളിൽ‌ പ്രവേശനം ലഭിക്കുക. ഗുബൈബയിൽ നിലവിൽ പ്രവർത്തിക്കുന്ന സ്കൂളിൽ നിന്ന് ആൺകുട്ടികളുടെ വിഭാഗം പൂർണമായും പുതിയ കെട്ടിടത്തിലേയ്ക്ക് മാറും. 10 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് നിർമിച്ച സ്കൂളിൽ 160 ക്ലാസ് മുറികൾ, 19 ലാംഗ്വേജ് മുറികൾ, ഏഴ് സയൻസ് ലാബ്, ഏഴ് കംപ്യൂട്ടർ ലാബ്, 16 ആക്ടിവിറ്റി മുറികൾ, 11 അധ്യാപക മുറികൾ, നാല് ക്ലിനിക്, രണ്ട് ലൈബ്രറി, രണ്ട് ഒാഡിയോ വിഷൻ മുറികൾ, വിവിധോദ്ദേശ ഒാഡിറ്റോറിയം, സ്റ്റേജ്, കാൻ്റീൻ, ഇൻഡോർ കളിക്കളം, പ്രാർഥനാ മുറി, ഡ്രൈവേഴ്സ് ബ്ലോക്ക്, ബുക്ക് സ്റ്റോർ, സ്റ്റേജ് ബ്ലോക്ക്, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, കോൺഫറൻസ് ഹാൾ, ഒാഫീസ് ബ്ലോക്ക്, പാൻട്രി, സർവീസ് ബ്ലോക്ക് , കാർ പാർക്കിങ്, ബസ് പാർക്കിങ് എന്നീ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. 

മൂന്ന് വർഷങ്ങൾക്ക് മുൻപാണ് പുതിയ സ്കൂൾ കെട്ടിട നിർമാണം ആരംഭിച്ചത്.  കഴിഞ്ഞ വർഷം സ്കൂൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇതിന് ശേഷവും നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നുവെന്ന് വൈ.എ.റഹീം പറഞ്ഞു. നിലവിൽ ഗുബൈബയിലെ ഇന്ത്യൻ സ്കൂളിൽ 16,600 കുട്ടികളാണ് പഠിക്കുന്നത്. ഇതിൽ നിന്ന് 4,500 ആൺകുട്ടികൾ പുതിയ സ്കൂളിലേയ്ക്ക് മാറും. ഷാർജ ഇന്ത്യൻ സ്കൂളിൽ കേരളാ എൻട്രൻസ് പരീക്ഷാ കേന്ദ്രമാക്കുന്നത് സംബന്ധിച്ച് നാളെ(വ്യാഴം) ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ.ഉഷാ ടൈറ്റസ് സ്കൂൾ സന്ദർശിക്കും. ജനറൽ സെക്രട്ടറി ബിജു സോമൻ, ട്രഷറർ വി.നാരായണൻ നായർ, മാത്യു ജോൺ, മുഹമ്മദ് ജാബിർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.