പാസ്പോർട് പരിഷ്കരണം; കടുത്ത പ്രതിഷേധവുമായി സൗദി പ്രവാസികൾ

ജിദ്ദ: കേന്ദ്രസർക്കാറിന്റെ വിവാദമായ പാസ്പോർട് പരിഷ്കരണത്തിനെതിരെ സൗദിയിലും വ്യാപക പ്രതിഷേധം. പരിഷ്കരണം മൂലം പ്രയാസപ്പെടുക   പ്രവാസികളാണെന്നതിനാൽ പാസ്പോർട്ടിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പായി അത് സംബന്ധിച്ച പ്രവാസ ലോകത്തുള്ള ഇന്ത്യക്കാരുടെ   പ്രതികരണങ്ങൾ ഗൗരവപൂർവം പരിഗണിക്കാനും ആശങ്കകൾ അകറ്റാനും സർക്കാരിന് ബാധ്യതയുണ്ടെന്ന് സൗദിയിലെ പ്രവാസികൾ അഭിപ്രായപ്പെടന്നു.    

അതോടൊപ്പം, പൗരന്മാരെ തരംതിരിക്കുന്ന അപരിഷ്കൃത നടപടിയ്‌ക്കെതിരെ കോടതികളെ സമീപിക്കാനും ചില പ്രവാസികൾ ഒരുങ്ങുന്നു. ഇന്ത്യയിലെ   എല്ലാ സംസ്ഥാനങ്ങളിലെയും ഹൈക്കോടതികളെ ഇക്കാര്യത്തിൽ സമീപിക്കാനാണ് ഉദ്ദേശ്യം. പ്രവാസ ലോകത്തെ മലയാളികളും അല്ലാത്തവരുമായ   അഭിഭാഷകരാണ് നീക്കത്തിന് മുൻകൈ എടുക്കുന്നത്.  

എന്ത് പ്രതികരണമുണ്ടായാലും ഇപ്പോഴത്തെ കേന്ദ്ര സർക്കാർ അവയൊന്നും പരിഗണിക്കാൻ സാധ്യതയില്ലെന്നും അത്രയ്ക്ക് ഭൂരിപക്ഷമാണ് കേന്ദ്രത്തിലെ  ബി ജെപി സർക്കാരിനുള്ളതെന്നും  സർക്കാർ മാറിയാൽ പോലും  അടുത്ത രണ്ടു  ദശകങ്ങളിൽ  വലിയ മാറ്റം സാധിക്കാത്ത വിധത്തിൽ  ഉദ്യോഗസ്ഥ  സ്ഥലങ്ങളിലെ ചിത്രം തരപ്പെടുത്തിയിട്ടുണ്ടാവുമെന്നും സാധാരണക്കാരായ മലയാളികൾക്ക് കോടതി വിഷയങ്ങളിൽ മാർഗനിർദേശം നൽകുന്ന മലപ്പുറം  സ്വദേശി മായിൻ ഹാജി പറഞ്ഞു.

ഔപചാരിക വിദ്യാഭ്യാസം തീരെയില്ലെങ്കിലും മിടുക്കും പരിചയ  സമ്പന്നത കൊണ്ടും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള     നിരവധി ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ കാണാം. അക്കാദമിക് വിദ്യാഭ്യാസം ഇല്ലെങ്കിലും അക്കാദമികൾ നടത്തുന്നവരെയും  ഗൾഫിലും  സ്വദേശത്തും    എമ്പാടും ഉണ്ട്. ഇതെല്ലാം നമ്മുടെ  നാടിനും അവരുടെ  കുടുംബങ്ങൾക്കും മറ്റു ആശ്രിതർക്കും  നേടിക്കൊടുക്കുന്ന  ഗുണം  അവർണനീയമാണ്. എന്നാൽ,  വിദ്യാഭ്യാസത്തിന്റെ പേരിൽ ഒറ്റ നോട്ടത്തിൽ തന്നെ നിറം ചാർത്തി സ്വന്തം പൗരന്മാരെ "അധഃകൃതർ" ആക്കി തീർക്കുന്ന കേന്ദ്ര ഗവർമെന്റിന്റെ നീക്കം  മറിച്  എന്ത്  ഗുണമാണ് നാടിനും നാട്ടാർക്കും ഉണ്ടാക്കി കൊടുക്കുക എന്ന് അരീക്കോട് സ്വദേശി  അബ്ദുല്ല തങ്ങൾ ചോദിച്ചു. കൈകൊണ്ടു പരത്തി ചുട്ടെടുക്കുന്ന  ചപ്പാത്തി കച്ചവടം ചെയ്യുന്ന ഏർപ്പാടാണ് തങ്ങൾക്ക്

പൗരന്മാരെ പല തട്ടുകളിലായി കണ്ട് പാസ്പോർട്ടിൽ നിറ വ്യത്യാസം വരുത്തി വെയ്ക്കുന്ന കേന്ദ്ര സർക്കാരിന്റെ നീക്കം ഒരു പരിഷ്കൃത സമൂഹത്തിനു  അപമാനകരമാണ് സാംസ്കാരിക സംഘടനയായ ഫോക്കസ് സൗദി പ്രവർത്തകൻ പ്രിൻസാദ് പറഞ്ഞു. വിദ്യാഭാസം നേടാൻ ആധുനികമായ പുതിയ  സംവിധാനങ്ങൾ നിലനിൽക്കുന്ന വർത്തമാനകാലത്ത് വെറും അക്കദാമിക സാക്ഷ്യപത്രങ്ങൾക്ക് അനുസൃതമായി പൗരനമാരെ തരം തിരിക്കുന്ന രീതി ഇൻഡ്യ പോലുള്ള ഉന്നത മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന രാജ്യത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നതാണ്. പാസ്‌പോർട്ടുകളിൽ മേൽവിലാസം നൽകേണ്ടതില്ല എന്ന തീരുമാനം സ്വകാര്യത കാത്തുസൂക്ഷിക്കാനാണ് എന്നാണ് അവകാശപ്പെടുന്ന ഭരണകൂടത്തിന് അവന്റെ അഭിമാനബോധത്തെ കുറിച്ചു തെല്ലും ആശങ്കയില്ലാത്തത് തികഞ്ഞ വിരോധാഭാസമാണ് എന്നും പ്രിൻസാദ്  പ്രതികരിച്ചു.

എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള  പാസ്പോര്‍ട്ടുകള്‍ ഓറഞ്ച് നിറത്തിലും അല്ലാത്തവ  നീല നിറത്തിവും നല്‍കാനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ തിരുമാനം ശുദ്ധ മണ്ടത്തരവും ജനങ്ങളെ ജാതിയുടെ അടിസ്ഥാനത്തിലും മതത്തിന്‍റെ അടിസ്ഥാനത്തിലും തരം തിരിക്കുന്നത്   പോലുള്ള  നീക്കമാണെന്ന്  സത്യം  ഓൺലൈൻ പത്രം റിയാദ്  ബ്യുറോ  ചീഫും  പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ  ജയൻ  കൊടുങ്ങല്ലൂർ  അഭിപ്രായപ്പെട്ടു.  വിദേശങ്ങളിൽ  ജോലി തേടുന്ന  അവിദഗ്ധ ഇന്ത്യന്‍ തൊഴിലാളികളെ ഇത് ദോഷകരമായി ബാധിക്കും. പാസ്‌പോര്‍ട്ടിന്റെ നിറത്തിന്റെ പേരില്‍  ഇന്ത്യൻ  പൗരൻ  വിവേചനത്തിന്  ഇരയാകുമെന്നതിനാല്‍  ഈ നീക്കത്തിൽ നിന്  കേന്ദ്രം  പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കുടുംബവിവരം, മേല്‍വിലാസം എന്നിവ രേഖപ്പെടുത്തുന്ന പാസ്‌പോര്‍ട്ടിലെ അവസാന പേജ് ഒഴിച്ചിടാനുള്ള തീരുമാനവും പ്രവാസികളെ പ്രതികൂലമായി ബാധികകുമെന്നും  ബന്ധുക്കളെയും മറ്റും നാട്ടില്‍ നിന്ന് കൊണ്ടുവരാന്‍ മറ്റു തെളിവുകള്‍ തേടേണ്ട ഗതികേടാവും ഇതോടെ  സംഭവിക്കുകയെന്നും  ജയൻ   ചൂണ്ടിക്കാട്ടി.

ഇന്ത്യ  ഗവർമെന്റിന്റെ  പാസ്പോര്ട്ട്  പരിഷ്കരണ   നിർദേശങ്ങൾ ജനങ്ങളെ ഭിന്നിപ്പിച്ച്‌ നേട്ടം  കൊയ്യാൻ നോക്കുന്ന  ഫാസിസ്റ്റ്  - തീവ്രഹിന്ദുത്വ  അജണ്ടയുടെ  ഭാഗമാണെന്നും അതിനാൽ തന്നെ പൗരൻ എന്ന നിലയ്ക്കും  പ്രവാസി  എന്ന  നിലയ്ക്കും  നിർദ്ദിഷ്ട നീക്കം  അസ്വീകാര്യമാണെന്നും   ലോക  കേരളസഭയിലെ   സൗദിയിൽ  നിന്നുള്ള  ഒരംഗവും ജിദ്ദ നവോദയ രക്ഷാധികാരിയുമായ വി കെ റഊഫ്  അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം കിട്ടിയവനും കിട്ടാത്തവനും  എന്ന പേരിൽ  പൗരന്മാരെ വെവ്വേറെ കാണുന്നത് തിരസ്കരിക്കപ്പെടേണ്ട  തരംതിരിക്കലാണെന്നും അദ്ദേഹം പറഞ്ഞു.