ജലസംരക്ഷണത്തിന്റെ പുതിയ മാതൃക ഒരുക്കി ദുബായ് ആർ.ടി.എ

ജലസംരക്ഷണത്തിൻറെ പുതിയ മാതൃക ഒരുക്കി ദുബായ് ആർ.ടി.എ. ബസുകൾ കഴുകുന്ന വെള്ളം പുനരുപയോഗിക്കുന്നത് വഴി പ്രതിമാസം പതിനാറ് ലക്ഷം ലീറ്റർ വെള്ളമാണ് ആർ.ടി.എ സംരക്ഷിക്കുന്നത്. 

ഇരുനൂറ് ലീറ്റർ വെള്ളമാണ് ഓരോ ബസും കഴുകുന്നതിന് ശരാശരി ആർ.ടി.എ ഉപയോഗിക്കുന്നത്. ഇതു പ്രകാരം പ്രതിമാസം 20 ലക്ഷം ലീറ്റർ വെള്ളമായിരുന്നു ബസുകൾ കഴുകുന്നതിന് വേണ്ടി വന്നത്. എന്നാൽ വെള്ളം പുനരുപയോഗിക്കുന്ന പദ്ധതി നടപ്പിലാക്കിയതോടെ നാലു ലക്ഷം ലീറ്റർ വെള്ളം മാത്രമാണ് വാഹനങ്ങൾ കഴുകാൻ ഓരോ മാസവും ഉപയോഗിക്കുന്നത്. ബസ് കഴുകിയ ശേഷം വരുന്ന വാഹനങ്ങൾ ഭൂമിക്കടിയിലുള്ള ടാങ്കിൽ സംഭരിച്ച്, മാലിന്യ മുക്തമാക്കി വീണ്ടും ഉപയോഗിക്കുകയാണ് ചെയ്യുന്നത്. 

ആർ.ടി.എയുടെ ഖവാനീജ്, റുവയാ, ജബൽ അലി, ഖിസൈസ് ഡിപ്പോകളിലാണ് വെള്ളം പുനരുപയോഗിക്കുന്ന പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇതിനു പുറമേ സോപ്പിനു പകരം ജൈവഗുണങ്ങളുള്ള ബാക്ടീരിയകളെ ഉൾക്കൊള്ളുന്ന ലായനിയും ഉപയോഗിക്കുന്നു. സോപ്പ് ഉപയോഗിക്കുന്നത് വഴി മണ്ണ് മലിനമാകുന്നത് തടയാൻ ഇത് സഹായിക്കുന്നു. ജലഉപയോഗം കുറച്ചതു വഴി പ്രതിവർഷം രണ്ടു ലക്ഷം ദിർഹത്തിൻറെ അധികവരുമാനമാണ് ആർടിഎയ്ക്ക് ഉണ്ടായിട്ടുള്ളത്.