കുവൈത്തില്‍ ലൈസൻസ് ഇല്ലാതെ ഭക്ഷ്യവസ്‌തുക്കളുടെ വിൽപനയ്ക്ക് വിലക്ക്

കുവൈത്തില്‍ ലൈസൻസ് ഇല്ലാതെ ഭക്ഷ്യവസ്‌തുക്കളുടെ വിൽപനയ്ക്കും പരസ്യങ്ങൾക്കും വിലക്ക്. നിയമലംഘകര്‍ പിഴ അടക്കമുള്ള ശിക്ഷ നേരിടേണ്ടിവരും. 

കുവൈത്തിൽ ഭക്ഷ്യവസ്‌തുക്കളുടെ ഉത്പാദനത്തിനും വിപണനത്തിനും സർക്കാറിന്‍റെ വിവിധ ഏജൻസികളിൽനിന്ന് ലൈസൻസ് ആവശ്യമാണ്. ലൈസന്‍സ് എടുക്കാതെ വീടുകളും മറ്റും കേന്ദ്രീകരിച്ച് ഭക്ഷ്യവസ്‌തുക്കൾ ഉണ്ടാക്കുകയും വി‌ൽ‌പന സംബന്ധിച്ച് പരസ്യങ്ങൾ നൽകുന്നതും വ്യാപകമായ പശ്ചാത്തലത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരക്കാരുടെ പരസ്യങ്ങള്‍ പത്രങ്ങളിലും ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും നല്‍കുന്നത് നിയമവിരുദ്ധമാണ്. ഭക്ഷ്യവസ്‌തുക്കൾ ഉപയോഗക്ഷമമാണെന്ന് ഉറപ്പ് വരുത്തുന്നതിനാണ് വിവിധ തലങ്ങളിൽനിന്ന് ലൈസൻസ് സമ്പാദിക്കണമെന്ന് വ്യവസ്ഥ ചെയ്‌തത്. അത് പരിഗണിക്കാതെ നിയമം ലംഘിച്ച് ഭക്ഷ്യവസ്തുക്കൾ ജനങ്ങളിൽ എത്തിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് ഭക്ഷ്യ പോഷകാഹാര അതോറിറ്റി അറിയിച്ചു. ലൈസൻസ് ഇല്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വിപണനവുമായി ബന്ധപ്പെടരുതെന്ന് സ്വദേശികളോടും വിദേശികളോടും അഭ്യർഥിച്ചു.