അമേരിക്കൻ നടപടിക്കെതിരെ കടുത്ത നിലപാടുമായി അറബ് രാജ്യങ്ങൾ

ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കൻ നടപടിക്കെതിരെ കടുത്ത നിലപാടുമായി അറബ് രാജ്യങ്ങൾ. അമേരിക്കയുടെ നടപടി സമാധാന ശ്രമങ്ങളെ തുരങ്കം വയ്ക്കുമെന്നാണ് അറബ് രാജ്യങ്ങളുടെ പ്രധാന ആരോപണം. അതിനിടെ ഇസ്രയേലിനെതിരെ വീണ്ടും പോരാട്ടം ആരംഭിക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചു. 

ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കൻ നിലപാട് രാജ്യാന്തര ധാരണകളുടെയും യുഎൻ ചട്ടങ്ങളുടെയും ലംഘനമാണെന്നാണ് അറബ് ഗൾഫ് രാജ്യങ്ങളുടെ നിലപാട്. അമേരിക്കയുമായി അടുത്ത ബന്ധം പുലർത്തുന്ന സൌദി ഭരണാധികാരി സൽമാൻ രാജാവ് പ്രസിഡൻറ് ട്രംപിനെ നേരിട്ട് പ്രതിഷേധം അറിയിച്ചു. കുവൈത്തും യുഎഇയും യുഎസ് നടപടിയെ അപലപിച്ചു. മധ്യപൂർവദേശ മേഖലയുടെ സമാധാനത്തെ തകിടം മറിക്കുന്നതാണ് പുതിയ നടപടിയെന്ന് ഈ രാജ്യങ്ങൾ കുറ്റപ്പെടുത്തി. ബഹ്റൈൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളും അമേരിക്കൻ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ ഇസ്രയേലിനെതിരെ പുതിയ പോരാട്ടം ആരംഭിക്കാൻ ആഹ്വാനം ചെയ്ത് ഹമാസ് തലവൻ ഇസ്മായിൽ ഹനിയ രംഗത്തെത്തി. അമേരിക്കൻ നടപടി യുദ്ധപ്രഖ്യാപനമാണെന്ന് ഹമാസ് കുറ്റപ്പെടുത്തി. അമേരിക്കൻ പ്രഖ്യാപനത്തെ തുടർന്ന് വെസ്റ്റ് ബാങ്ക് മേഖലയിൽ ഇസ്രയേൽ സൈന്യവും പലസ്തീനികളും തമ്മിൽ വ്യാപക ഏറ്റുമുട്ടലുണ്ടായി. ജറുസലേമിനെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കൻ നടപടിയ്ക്ക് എതിരെ പലസ്തീൻ ജനത സ്കൂളുകളും സ്ഥാപനങ്ങളും അടച്ചിട്ട് പ്രതിഷേധിക്കുകയാണ്.