പ്രണയസമ്മാനങ്ങൾ തിരികെ ചോദിച്ച് കാമുകൻ ജയിലിലായി

പ്രണയകാലത്ത് നൽകുന്ന സമ്മാനങ്ങൾ ആരെങ്കിലും തിരികെ വാങ്ങാറുണ്ടോ? ദുബായിൽ ഒരു കാമുകൻ മുൻകാമുകിയ്ക്ക് നൽകിയ സമ്മാനങ്ങൾ തിരികെ നൽകാൻ പെൺകുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. സമ്മാനങ്ങൾ തിരികെ നൽകിയില്ലെങ്കിൽ മകളെ കൊല്ലുമെന്നായിരുന്നു ഭീഷണി. ചൈനക്കാരനായ യുവാവിന് ദുബായ് കോടതി മൂന്നുമാസം ജയിൽ ശിക്ഷ വിധിക്കുകയും ചെയ്തു. 

23 വയസുള്ള ഇയാൾ രണ്ടുവർഷമായി 27 വയസുള്ള യുവതിയുമായി പ്രണയത്തിലായിരുന്നു. പ്രണയം തകർന്നതോടെയാണ് ഭീഷണി തുടങ്ങിയത്. നിരന്തരം ആവശ്യപ്പെട്ടിട്ടും യുവതി ഇതൊന്നും നൽകിയില്ല. തുടർന്നാണ് ഇയാൾ പെൺകുട്ടിയുടെ അമ്മയ്ക്ക് ഭീഷണി സന്ദേശം അയച്ചത്. സമ്മാനങ്ങൾ തിരികെ നൽകിയില്ലെങ്കിൽ മകളെ വകവരുത്തുമെന്നായിരുന്നു സന്ദേശമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പെൺകുട്ടിയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തുകയും വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും പതിവായിരുന്നു.  

സെപ്റ്റംബറിൽ കേസ് പരിഗണിച്ച ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ചൈനീസ് യുവാവിന് മൂന്നു മാസം തടവ് വിധിച്ചു. ഇതിനെ ചോദ്യം ചെയ്ത് ഉന്നത കോടതിയിൽ പോയെങ്കിലും അവിടെയും പരാജയപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ മകളെ കൊലപ്പെടുത്തുമെന്നായിരുന്നു പ്രതി അയച്ച സന്ദേശം. നാളെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അവളെയും നിങ്ങളെയും കൊല്ലുമെന്നായിരുന്നു മാതാവിന് ലഭിച്ച സന്ദേശം.