യുഎഇയില്‍ വാഹന രജിസ്ട്രേഷന് ഇനി ചെലവേറും

യുഎഇയില്‍ വാഹന രജിസ്ട്രേഷന് ഇനി ചെലവേറും. പുതിയതും പുതുക്കുന്നതും കൈമാറ്റം ചെയ്യുന്നതുമായ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നിരക്കിലാണ് വര്‍ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഈ മാസം ഒന്നിന് നിലവില്‍ വന്ന ഫെഡറല്‍ നിയമനുസരിച്ചാണ് വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിരക്ക് ഏകീകരിച്ചത്. ഇതനുസരിച്ച് ചില സേവനങ്ങളുടെ നിരക്കില്‍ ഇരട്ടി വര്‍ധനയുണ്ട്. ലൈറ്റ് വെഹിക്കിള്‍ വിഭാഗത്തില്‍പെട്ട വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് 400 ദിര്‍ഹമാണ് പുതിയ നിരക്ക്. ഈ വാഹനങ്ങള്‍ പുതുക്കുന്നതിനും മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്നതിനും 350 ദിര്‍ഹം വീതം നല്‍കണം. ഒരു വര്‍ഷകാലാവധിയുള്ള ഡ്രൈവിങ് ലൈസന്‍സിന് 100 ദിര്‍ഹമാണ് ഫീസ്. ഒന്നില്‍ കൂടുതല്‍ വര്‍ഷത്തേക്കുള്ള ലൈസന്‍സിന് 300 ദിര്‍ഹമുണ്ട്. മറ്റു രാജ്യങ്ങളിലെ ലൈസന്‍സ് മാറ്റിയെടുക്കണമെങ്കില്‍ 600 ദിര്‍ഹം നല്‍കണം. പുതുതായി ഡ്രൈവിങ് ലൈസന്‍സ് പഠനത്തിനും ചെലവേറും. രാജ്യാന്തര ഡ്രൈവിങ് ലൈസന്‍സാക്കി മാറ്റുന്നതിനുള്ള നിരക്കില്‍ വന്‍ വര്‍ധനയുണ്ട്. 870 ദിര്‍ഹമാണ് പുതിയ നിരക്ക്. ചെറിയ വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോഴുള്ള പരിശോധനയ്ക്ക് 500 ദിര്‍ഹമും വിശദമായ സാങ്കേതിക പരിശോധനയ്ക്ക് 350 ദിര്‍ഹമും നല്‍കണമെന്നും വ്യക്തമാക്കുന്നു.