അബുദാബി ഡ്യൂട്ടി ഫ്രീ ടിക്കറ്റ് നറുക്കെടുപ്പ്; മലയാളിക്ക് 9 കോടി സമ്മാനം

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് ഏകദേശം ഒന്‍പത് കോടി രൂപ(50 ലക്ഷം ദിർഹം) സമ്മാനം. ദേവാനന്ദന്‍ പുതുമണം പറമ്പത്ത് എന്നയാളെയാണ് കഴിഞ്ഞ ദിവസം നടന്ന നവംബര്‍ മാസത്തെ നറുക്കെടുപ്പിൽ ഭാഗ്യദേവത കടാക്ഷിച്ചത്.

ദേവാനന്ദന്റെ 085303 നമ്പർ ടിക്കറ്റിനായിരുന്നു സമ്മാനം. ബിഗ് ടിക്കറ്റ് മില്യനയർ നറുക്കെടുപ്പിൽ ഏറ്റവും കൂടുതൽ സമ്മാനം സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്. 15 നറുക്കെടുപ്പിൽ 12 ഉം ഇന്ത്യക്കാർക്കായിരുന്നു. ഇവരിൽ‌ മലയാളികളാണ് കൂടുതലും. 1992 മുതൽ നടന്നു വരുന്ന നറുക്കെടുപ്പിൽ ഒാരോ മാസവും പ്രീതി വർ‌ധിച്ചുവരുന്നു. 

നേരത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അമേരിക്കയിലെ മലയാളി വനിതാ ഡോക്ടർ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപ(10 ദശലക്ഷം ദിർഹം)യും ഇൗ വർഷം ഫെബ്രുവരിയിൽ തൃശൂർ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് ഇതേ നറുക്കെടുപ്പിൽ 12 കോടി രൂപയും സമ്മാനമായി ലഭിച്ചിരുന്നു.