ജോർദാനിയൻ ബാലനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ നടപ്പാക്കി

ജോർദാനിയൻ ബാലൻ ഉബൈദ സെദ്ഖിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. കുട്ടിയുടെ പിതാവിന്‍റെ സുഹൃത്തായ ജോർദാൻ സ്വദേശി നിദാൽ ഈസ്സ അബ്ദുല്ലയുടെ വധശിക്ഷയാണ് ഫയറിങ് സ്ക്വാഡ് നടപ്പാക്കിയത്. 

2016 മേയ് 20ന് ഷാര്‍ജ വ്യവസായ മേഖലയില്‍നിന്നാണ് എട്ടു വയസുകാരനായ ഉബൈദയെ തട്ടിക്കൊണ്ടുപോയത്. പിതാവ് ഇബ്രാഹിന്‍റെ ഗാരിജില്‍ നിന്നിരുന്ന കുട്ടിയെ അനുനയിപ്പിച്ച് വണ്ടിയില്‍ കയറ്റിയ പ്രതി നിദാല്‍ ദുബായിലെ അല്‍വര്‍ഖയില്‍ വച്ച് പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. മെയ് 22ന് അല്‍ വര്‍ഖയിലെ ഒരു മരച്ചുവട്ടില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പ്രതി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. കീഴ്ക്കോടതി വിധിച്ച വധശിക്ഷ ശരിവച്ച് ഫെബ്രുവരിയില്‍ മേൽക്കോടതി ഉത്തരവു പുറപ്പെടുവിച്ചു. ദുബായ് ഭരണാധികാരിയും വിധി ശരിവച്ചതോടെയാണ് വധശിക്ഷ നടപ്പാക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, പീഡിപ്പിക്കല്‍, കൊലപാതകം, മദ്യപിക്കല്‍, മദ്യലഹരിയില്‍ വാഹനമോടിക്കല്‍ എന്നീ അഞ്ചു കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ പ്രതിക്കുമേല്‍ ചുമത്തിയിരുന്നത്. ഉബൈദയുടെ രക്ഷിതാക്കൾക്ക് പ്രതി 21,000 ദിർഹം നഷ്ടപരിഹാരം നൽകാനും നേരത്തെ ഉത്തരവിട്ടിരുന്നു.