കുവൈത്തില്‍ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് ഫീസില്‍ വര്‍ധന

കുവൈത്തില്‍ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് ഫീസില്‍ മൂന്നു ഇരട്ടിയോളം വര്‍ധന. പ്രതിവർഷം 50 ദിനാറുണ്ടായിരുന്ന തുക 130 ദിനാറായാണ് വര്‍ധിപ്പിക്കുന്നത്. 

ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ വിദേശികൾക്കായി പ്രത്യേക ആശുപത്രികള്‍ നിലവിൽ വരുന്നതോടെ ഫീസ് വർധന പ്രാബല്യത്തില്‍ വരും. വിദേശികളുടെ പ്രൈമറി, സെക്കൻഡറി ആരോഗ്യസം‌രക്ഷണം ഉൾപ്പെടുന്നതാണ് ഇൻഷുറൻസ് പദ്ധതി. ജിസിസി രാജ്യങ്ങളിലെ സംവിധാനങ്ങൾ പഠനവിധേയമാക്കിയാണ് ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഹെൽത്ത് ഇൻഷുറൻസ് ആശുപത്രി കമ്പനി, ദമാന്‍ വ്യക്തമാക്കി. ആരോഗ്യമേഖലയിൽ വിദേശികൾക്കുള്ള പ്രധാന കേന്ദ്രമായി ഇൻഷുറൻസ് ആശുപത്രികൾ മാറുമെന്ന് ആരോഗ്യ മന്ത്രി ഡോ. ജമാൽ അൽ ഹർബി പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ആശുപത്രി നിർമിക്കുന്നത്. സ്വകാര്യമേഖലയിലുള്ള 20 ലക്ഷത്തോളം വിദേശികൾക്കും ബന്ധുക്കൾക്കും ആശുപത്രിയുടെ ഗുണം ലഭിക്കും. 2020ഓടെ നിര്‍മാണം പൂര്‍ത്തിയാകുന്ന അഹമ്മദി ആശുപത്രിയില്‍ 300 കിടക്കകകളുണ്ടാകും. ഇതിന് പുറമെ ഫർവാനിയയിലും ജഹ്‌റയിലും ആശുപത്രി പണിയും. ഇതോടനുബന്ധിച്ച് 12 മെഡിക്കൽ സെന്‍ററുകളും നിര്‍മിക്കുന്നുണ്ട്.