അഭിരുചി അറിയാന്‍ ടാലന്റ് അസസ്‌മെന്റ്; മസ്കത്തിൽ അഭിമാനമായി മലയാളികൾ

മസ്‌കത്ത്: വിദ്യാര്‍ഥികളിലെയും  യുവാക്കളിലെയും അഭിരുചികളും കഴിവുകളും കണ്ടെത്തുന്നതിനുള്ള ടാലന്റ് അസസ്‌മെന്റ് വികസിപ്പിച്ചെടുത്ത് മലയാളികള്‍. സ്മാര്‍ട്ട് ഫോണിലൂടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി പഠനത്തിലും ജോലിയിലും മിടുക്കരാകാന്‍ സഹായിക്കുന്ന സംവിധാനമാണിതെന്ന്  പോള്‍ മാളിയേക്കലും എന്‍ എം ഹുസൈനും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കുട്ടികളിലെ കഴിവുകള്‍ കണ്ടെത്തി അനുയോജ്യമായ കോഴ്‌സുകളിലേക്കും തൊഴിലുകളിലേക്കും നയിക്കുന്ന സാങ്കേതികത്തികവോടെയാണ് അസസ്‌മെന്റ് ഡിസൈന്‍ ചെയ്തത്. ഒമാനില്‍ ഷഫാഖ് അല്‍ ഗ്രൂപ്പുമായി സഹകരിച്ച് ടാലന്റ് അസസ്‌മെന്റ് സേവനം ലഭ്യമാക്കിയിട്ടുണ്ട്.

ലോക പ്രശസ്ത വിദ്യാഭ്യാസ മനശാസ്ത്രജ്ഞരുമായി സഹകരിച്ചാണ് വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങളിലൂടെ ടാലന്റ് അസസ്‌മെന്റ് സംവിധാനത്തിന് തുടക്കം കുറിച്ചത്. ലോക പ്രശസ്ത അമേരിക്കന്‍ വിദ്യാഭ്യാസ മനശാസ്ത്രജ്ഞനായ ഡോ. ഹെവാഡ് ഗാഡ്‌നറുടെ മള്‍ട്ടിപ്പ്ള്‍ ഇന്റലിജന്റ്‌സ് തീയറി ആസ്പദമാക്കിയാണ് ഇത് തയാറാക്കിയിരിക്കുന്നത്. 99 ശതമാനം കൃത്യതയുള്ള ഫലങ്ങളാണ് ഇത് നല്‍കുന്നതെന്നും ഇവര്‍ വ്യക്തമാക്കി.

ഇന്ത്യ, ബഹ്‌റൈന്‍, യു എ ഇ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 10,000ത്തില്‍ പരം ആളുകള്‍ അസസ്‌മെന്റില്‍ ഇതിനോടകം പങ്കാളികളായി. ഹാവാഡ് യൂനിവേഴ്‌സിറ്റിയിലെ പ്രൊജക്ട് സീറോയുമായി സഹകരിച്ച് ഈ രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ക്കുള്ള പദ്ധതികള്‍ തയാറാക്കുന്നതായും പോള്‍ മാളിയേക്കലും എന്‍ എം ഹുസൈനും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.