ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്കെത്തിയത് റെക്കോര്‍ഡ് സന്ദര്‍ശകര്‍

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്കെത്തിയത് റെക്കോര്‍ഡ് സന്ദര്‍ശകര്‍. പതിനൊന്ന് ദിവസം നീണ്ട പുസ്തകമേളയില്‍ 23.8 ലക്ഷം പേരാണ് എത്തിയത്. പുസ്തക വില്‍പനയിലും റെക്കോര്‍ഡ് വര്‍ധനയുണ്ടായി. 

പുസ്തമേളയുടെ 35 വര്‍ഷത്തെ ചരിത്രത്തിലെ റെക്കോര്‍ഡ് സന്ദര്‍ശകരും വില്‍പനയുമാണ് ഇത്തവണയുണ്ടായത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയില്‍ 20.6 കോടി ദിര്‍ഹമിന്‍റെ പുസ്തകങ്ങള്‍ വിറ്റഴിഞ്ഞു. മലയാളം ഉള്‍പെടെ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങള്‍ വാങ്ങാനും വന്‍ തിരക്കായിരുന്നു. പുസ്തകമേള എന്നതിലുപരി വിവിധ രാജ്യക്കാര്‍ തമ്മിലുള്ള സാംസ്കാരിക കൈമാറ്റമാണ് നടന്നതെന്ന് സംഘാടകരായ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് റക്കാദ് അൽ അംരി പറ​ഞ്ഞു. 60 രാജ്യങ്ങളിൽ നിന്നുള്ള 1,690 പ്രസാധകർ‌ മേളയില്‍ അണിനിരന്നു. പുസ്തക പ്രദർശനത്തിനും വിൽപനയ്ക്കും പുറമെ, മലയാളം അടക്കമുള്ള വിദേശ ഭാഷകളിൽ നിന്നുള്ള കലാ സാംസ്കാരിക പരിപാടികൾ, പുസ്തകപ്രകാശനങ്ങള്‍, ശിൽപശാല, സെമിനാർ എന്നിവയും മേളയെ സമ്പന്നമാക്കി. എം.ടി.വാസുദേവൻ നായർ അടക്കം വിവിധ രാജ്യക്കാരായ 400 എഴുത്തുകാരുടെ സാന്നിധ്യവും അക്ഷര സ്നേഹികളെ മേളയിലേക്ക് ആകര്‍ഷിച്ചു.