ദുബായ് എയർഷോയ്ക്ക് ആവേശകരമായ ടേക്ക് ഓഫ്

വാനില്‍ വര്‍ണവിസ്മയം തീര്‍ത്ത് ദുബായ് എയർഷോയ്ക്ക് ആവേശകരമായ ടേക്ക് ഓഫ്. യുഎഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്ത എയര്‍ഷോ 16 വരെ നീണ്ടുനിൽക്കും. 

ലോകത്തിലെ ഏറ്റവും മികച്ച പോർവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയ്ക്ക് പുറമെ പറക്കുന്ന കൊട്ടാരങ്ങളും പ്രദര്‍ശനത്തില്‍ അണിനിരന്നു. പോർവിമാനങ്ങളിൽ ഏറ്റവും അപകടകാരികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രാൻസിന്‍റെ റഫാൽ, മിറാഷ്, അമേരിക്കയുടെ എഫ് 16, യുദ്ധമേഖലയിൽ പടക്കോപ്പുകളും മറ്റു സന്നാഹങ്ങളും എത്തിക്കാനുള്ള വിമാനങ്ങൾ തുടങ്ങിയവ സന്ദർശകരെ ആവേശംകൊള്ളിച്ചു. അതിവേഗത്തിൽ ഇരമ്പിയെത്തി ഒരുമേഖലയാകെ ചാമ്പലാക്കി അപ്രത്യക്ഷമാകാൻ കഴിയുന്ന ഹൈടെക് വിമാനങ്ങളാണ് മുഖ്യ ആകർഷണം. കുത്തനെ പറന്നുയര്‍ന്നും മൂക്കുകുത്തി നിലംതൊടും മുൻപേ ശരവേഗത്തിലുയർന്നും മേഘങ്ങളിൽ മറഞ്ഞുമുള്ള അഭ്യാസപ്രകടനമാണ് കാണികളെ ഏറെ ആകര്‍ഷിച്ചത്. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്‍റെ ചിത്രം ആലേഖനം ചെയ്ത എ380 വിമാനവും അഭ്യാസപ്രകടനത്തില്‍ പങ്കാളികളായി. 60 രാജ്യങ്ങളില്‍നിന്നുള്ള 1200 കമ്പനികളും 160 എയര്‍ക്രാഫ്റ്റും പങ്കെടുത്ത എയര്‍ഷോയുടെ ആദ്യദിനത്തില്‍ 5540 കോടി ദിര്‍ഹമിന്‍റെ വിമാന ഇടപാടുകളും നടന്നു.