യുഎഇയിൽ ജനുവരിയിൽ അഞ്ച് ശതമാനം വാറ്റ്; രജിസ്ട്രേഷനുള്ള അവസാന തീയതി പ്രഖ്യാപിച്ചു

യുഎഇയിലെ മൂല്യവര്‍ധിത നികുതി നിയമമനുസരിച്ച് വ്യാപാര സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി പ്രഖ്യാപിച്ചു. ജനുവരി ഒന്നിനാണ് അഞ്ചു ശതമാനം വാറ്റ് പ്രാബല്യത്തില്‍ വരിക. 

വര്‍ഷത്തില്‍ ഒരു കോടിക്ക് മുകളില്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഈ മാസം 30 ആണ്. മൂന്നേമുക്കാല്‍ ലക്ഷത്തിലധികം വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ഡിസംബര്‍ നാലിന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. സ്ഥാപനങ്ങള്‍ക്ക് മതിയായ സാവകാശം നല്‍കിയിട്ടുണ്ടെന്നും രജിസ്ട്രേഷന്‍ വൈകിപ്പിച്ച് പിഴ ക്ഷണിച്ചുവരുത്തരുതെന്നും ഫെഡറല്‍ ടാക്സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ബുസ്താനി പറഞ്ഞു. 15 കോടി ദിര്‍ഹമിന്‍റെ മുകളില്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബര്‍ 31 അവസാനിച്ചിരുന്നു. വര്‍ഷത്തില്‍ 1,87,500 ദിര്‍ഹമിന് മുകളില്‍ വിറ്റുവരവുള്ള സ്ഥാപനങ്ങളെല്ലാം വാറ്റിന്‍റെ പരിധിയില്‍ വരും. ജനുവരി ഒന്നിന് മുന്‍പ് എല്ലാ സ്ഥാപനങ്ങളും വാറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.