സൗദിയിൽ വാഹനാപകടമുണ്ടാക്കാത്തവർക്ക് ഇൻഷുറൻസ് പോളിസി നിരക്കിൽ ഇളവ് നൽകും. കുറഞ്ഞത് ഒരു വർഷമെങ്കിലും വാഹനാപകടങ്ങളുണ്ടാക്കാത്തവർക്കാണ് പോളിസി നിരക്കിൽ 10 മുതൽ 15 ശതമാനം വരെ പ്രത്യേക ഇളവ് നൽകുകയെന്ന് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) അറിയിച്ചു. അപകടങ്ങളിൽ നഷ്ടപരിഹാരം തേടി ക്ലെയിമുകൾ ഉന്നയിക്കാത്തവർക്കും ഒരേ കമ്പനിയുടെ പോളിസി തുടരുന്നവർക്കും പ്രത്യേക ഇളവ് നൽകുന്ന പദ്ധതി സാമ നേരത്തെ ആരംഭിച്ചിരുന്നു. ഇതിന്റെ ആനുകൂല്യം ലഭിക്കാത്തവരെ കൂടി ലക്ഷ്യമിട്ടാണ് അടുത്ത മാസം ഒന്നു മുതൽ ഡിസംബർ അവസാനം വരെ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്.
വാഹനങ്ങൾ പുതിയതായതിനാലോ പഴയ പോളിസി കൈവശമില്ലാത്തതിനാലോ പഴയ പോളിസിയുടെ കാലാവധി അവസാനിച്ച് ഒരു മാസത്തിലധികം പിന്നിട്ടതിനാലോ ഇളവിന് അവകാശമില്ലാത്തവരെയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സാധ്യമായത്ര ഉപയോക്താക്കൾക്ക് ഇളവ് ലഭ്യമാക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സാമ അറിയിച്ചു . അർഹരായ സ്വദേശികൾക്കും വിദേശികൾക്കും ഇളവ് പ്രയോജനപ്പെടുത്താം.. ഇളവ് നൽകാൻ വിസമ്മതിക്കുന്ന ഇൻഷുറൻസ് കമ്പനികളെ കുറിച്ച് സാമ വെബ്‌സൈറ്റ് വഴിയോ ടോൾഫ്രീ നമ്പർ (8001256666) വഴിയോ പരാതി നൽകാം.നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സാമ മുന്നറിയിപ്പ് നൽകി.