പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഊഷ്മളമായ കാറ്റു വീശുന്ന ക്യാംപസാണു മഹാരാജാസെന്നു നടൻ മമ്മൂട്ടി. ഇന്നലെയും ഇന്നും നാളെയും ആ കാറ്റിനു മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥി സംഗമമായ മഹാരാജകീയത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
മൊബൈൽ ഫോണും ഫെയ്സ്ബുക്കും വാട്സാപ്പുമൊക്കെയായി പ്രണയത്തിനുള്ള സൗകര്യങ്ങളും സാധ്യതകളും പണ്ടുള്ളതിനേക്കാളും വർധിച്ചിച്ചുണ്ട്. എങ്കിലും മഹാരാജാസിലെ ബന്ധങ്ങളുടെ പവിത്രതയും ദൃഢതയും അതേപടി നിലനിൽക്കും. മഹാരാജാസ് കഴിഞ്ഞു ലോ കോളജിൽ പഠിക്കാൻ പോയ മൂന്നു വർഷവും താൻ മഹാരാജാസിൽത്തന്നെയായിരുന്നുവെന്ന മമ്മൂട്ടിയുടെ വാക്കുകൾ സദസിൽ ചിരി പടർത്തി.
കാലം വരുത്തിയ മാറ്റങ്ങൾ മൂലം തന്റെ കൂടെ പഠിച്ചവരെ മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്നും, അഭിനയ മേഖലയായതുകൊണ്ടു താൻ പല മാറ്റങ്ങളും മറച്ചുവച്ചിരിക്കുകയാണെന്നും മമ്മൂട്ടി ചിരിയോട പറഞ്ഞു.