‘തോറ്റുകൊടുക്കില്ല; ബാബയ്ക്ക് എന്‍റെ വാക്ക്’; ഇര്‍ഫാന്‍ ഖാന്‍റെ മകന്‍ ബബില്‍

Image Credit: instagram.com/babil.i.k/

ബോളീവുഡ് ഇതിഹാസ താരം ഇര്‍ഫാന്‍ ഖാന്‍റെ ചരമവാര്‍ഷികം അടുത്തിരിക്കെ വൈകാരിക കുറിപ്പുമായി മകനും അഭിനേതാവുമായ ബബില്‍ ഖാന്‍. ദിവസങ്ങള്‍ക്ക് മുന്‍പ് ബബിലിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയില്‍ ആശങ്കയുണര്‍ത്തിയിരുന്നു. പിന്നാലെ ബബില്‍ തന്നെ സ്റ്റോറി സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലൊണ് പിതാവിന്‍റെ ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് ബബില്‍ ഖാന്‍റെ കുറിപ്പ്.

Image Credit: instagram.com/babil.i.k/

ഇർഫാന്‍ ഖാന്‍റെ ഏതാനും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്, ജീവിതത്തിൽ താൻ ഒരിക്കലും തോറ്റുകൊടുക്കില്ലെന്നും കുടുംബത്തിന് എന്നും താങ്ങായി ഉണ്ടാകുമെന്നും പിതാവിന് വാക്കുകൊടുത്തുകൊണ്ടാണ് പോസ്റ്റ്. ഇര്‍ഫാന്‍ ഖാന്‍റെ ആരാധകരെയും താന്‍ നിലനിര്‍ത്തുമെന്നും അവരും തന്‍റെ കുടുംബമാണെന്നും ബബില്‍ കുറിച്ചു.

‘ജീവിതത്തോട് പോരാടാന്‍ നിങ്ങളാണ് എന്നെ പഠിപ്പിച്ചത്. സ്നേഹവും കരുണയും എനിക്ക് നിങ്ങള്‍ പകര്‍ന്നു നല്‍കി. എല്ലാവരോടും സ്നേഹത്തോടെ ഇടപെടാന്‍, അവര്‍ക്കുവേണ്ടി പോരാടാന്‍ എന്നെ പഠിപ്പിച്ചു. നിങ്ങളുടെ ആരാധകര്‍, ആരാധകര്‍ മാത്രമല്ല, അവര്‍ നിങ്ങളു‍ടെ കുടുംബമാണ്. പ്രിയ്യപ്പെട്ട ബാബ, നിങ്ങള്‍ക്ക് ഞാന്‍ വാക്കുനല്‍കുന്നു, അവര്‍ക്കായി, നമ്മുടെ കുടുംബത്തിനായി ഞാന്‍ നിലകൊള്ളുമെന്ന്. നിങ്ങളെ ഞാന്‍ അത്രയധികം സ്നേഹിക്കുന്നു’ ബബില്‍ കുറിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ബബിലിന്‍റെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്ത സ്റ്റോറിയുടെ സ്ക്രീന്‍ ഷോട്ട് വൈറലായത്. ചിലപ്പോഴെല്ലാം തനിക്ക് തോറ്റുകൊടുക്കാന്‍ തോന്നും, ബാബയുടെ അടുത്തേക്ക് പോകാന്‍ തോന്നും എന്നായിരുന്നു സ്റ്റോറി. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ആരാധകരും ആശങ്കാകുലരായി. ‘തോറ്റുകൊടുക്കരുത്, ഇത്തരത്തില്‍ പോസ്റ്റുകളും പങ്കുവയ്ക്കരുത്’ എന്നാണ് ആരാധകരില്‍ ഒരാള്‍ കുറിച്ചത്. ‘ഇത് ഞങ്ങളെ ഭയപ്പെടുത്തുന്നു’ എന്ന് മറ്റൊരാളും കുറിച്ചു.

അതേസമയം ബബിലിന്‍റെ പുതിയ പോസ്റ്റ് അദ്ദേഹത്തിന്‍റെ മാത്രമല്ല, ഇര്‍ഫാന്‍ ഖാന്‍റെ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് താരത്തിന്‍റെ സ്നേഹത്തിന് നന്ദി പറഞ്ഞും പിന്തുണ അറിയിച്ചും രംഗത്തെത്തുന്നത്. ‘പിതാവിന്‍റെ സ്നേഹവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന മകന്‍’ എന്നാണ് പോസ്റ്റിന് താഴെ ഒരാള്‍ കുറിച്ചത്. ‘ഇതിഹാസ താരമായ പിതാവിന്‍റെ ധീരനായ മകന്‍’ എന്ന് മറ്റൊരാളും കുറിച്ചു.

ബാബ എന്ന് വിളിച്ചുകൊണ്ട് പിതാവിന്‍റെ ചിത്രങ്ങള്‍ പലപ്പോഴായി ബബില്‍ പങ്കുവയ്ക്കാറുണ്ട്. ഈ വര്‍ഷം ആദ്യം താന്‍ മനസിലാക്കിയതു പോലെ തന്‍റെ പിതാവിനെ ആരും മനസിലാക്കിയിട്ടില്ല എന്ന് അദ്ദേഹം കുറിച്ചിരുന്നു. ‘ഞാൻ മനസിലാക്കിയതു പോലെ ആരും അദ്ദേഹത്തെ മനസിലാക്കിയിട്ടില്ല, അദ്ദേഹം എന്നെ മനസിലാക്കിയതുപോലെ ആരും എന്നെ അറിഞ്ഞിട്ടില്ല. അദ്ദേഹത്തെ മിസ് ചെയ്യുക എന്ന് പറയാന്‍ എളുപ്പമാണ്, ആ വലിയ നഷ്ടത്തെകുറിച്ചോര്‍ത്ത് കരയാനും എളുപ്പമാണ്. പക്ഷേ ഓരോ സമയവും എന്നെ കാണുമ്പോഴുള്ള 'ബബിലൂ!!!' എന്ന വിളി, ആ വാക്കുകളിലെ ആഹ്ലാദം, അതോര്‍ക്കുമ്പോഴണ് തകര്‍ന്ന് പോകുന്നത്’ അദ്ദേഹം കുറിച്ചു.

ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ച സലാം ബോംബെ എന്ന ചിത്രത്തിലൂടെയാണ് ഇന്ത്യന്‍ സിനിമാ ലോകത്തെ ഇതിഹാസ താരമായി ഇര്‍ഫാന്‍ ഖാന്‍ മാറുന്നത്. തുടര്‍ന്നുള്ള ലൈഫ് ഇന്‍ എ മെട്രോ, ലഞ്ച് ബോക്സ്, ഇംഗ്ലീഷ് മീഡിയം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടിയ അദ്ദേഹം കാന്‍സറിനെ തുടര്‍ന്ന് 2020 ഏപ്രില്‍ 29 നാണ് ലോകത്തോട് വിട പറയുന്നത്. 

Actor Babil Khan remembers father Irrfan Khan says he will not give up.