മഥുരയില്‍ ഹേമ മാലിനി; വൈറലായി എക്സില്‍ പങ്കുവച്ച ചിത്രങ്ങള്‍

ബിജെപി എംപിയും മഥുര നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ഹേമ മാലിനി ലോക്‌സഭാ തെരഞ്ഞെടുപ്പിൻറെ പ്രചാരണത്തിരക്കിലാണ്,   ഉത്തർപ്രദേശിലെ മഥുരയില്‍ എത്തിയ അവര്‍ ഒരു ഗോതമ്പ് വയലിൽ സന്ദർശനം നടത്തിയിരുന്നു.  പ്രാദേശിക കർഷകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിന്നുള്ള കുറച്ച് ചിത്രങ്ങൾ മാലിനി എക്സില്‍ പങ്കുവച്ചു. 

ഇന്ത്യയിൽ ഏറ്റവുമധികം ലോക്സഭ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്.  പ്രധാന മണ്ഡലമായ മഥുരയില്‍ നിന്ന്  ഹേമ മാലിനിയാണ് ലോക്സഭയെ പ്രതിനിധീകരിക്കുന്നത്. മൂന്നാം അങ്കത്തിന് ഇറങ്ങിയിരിക്കുന്ന ഹേമമാലിനി തിരക്കിട്ട പ്രചാരണത്തിലാണ്. വയലിൽ പണിയെടുക്കുന്ന സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഹേമ മാലിനി പങ്കുവച്ചത്. അവരുടെ സന്തോഷത്തിനായി അവര്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുകയായിരുന്നെന്നും കര്‍ഷകരെ ഒരിക്കല്‍ കൂടെ നേരിട്ട് കാണാനായതില്‍ സന്തോഷമുണ്ടെന്നും ഹേമമാലിനി എക്സില്‍ കുറിച്ചു.