‘ബോയ്കോട്ട് ആമിർ ഖാൻ’; ബഹിഷ്കരിക്കരുതെന്ന് അഭ്യർത്ഥിച്ച് താരം

റിലീസിന് മുൻപേ കടുത്ത സൈബർ ആക്രമണം നേരിട്ട് ആമിർ ഖാന്റെ ‘ലാൽ സിങ് ഛദ്ദ’. ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ബോയ്കോട്ട് ലാൽ സിങ് ഛദ്ദ എന്ന ഹാഷ് ടാഗ് ക്യാംപെയ്ൻ തന്നെ ഉയർന്നിരിക്കുകയാണ്. ഇതോടെ തന്റെ ചിത്രം ബഹിഷ്കരിക്കരുത് എന്ന അഭ്യർത്ഥനയുമായി ആമിർ ഖാൻ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്  

‘ബോയ്കോട്ട് ബോളിവുഡ്, ബോയ്കോട്ട് ലാൽ സിങ് ഛദ്ദ, ബോയ്കോട്ട് ആമിർ ഖാൻ തുടങ്ങിയ ക്യാംപെയ്നുകളിൽ ദുഃഖമുണ്ട്. ചിലർ ഞാൻ ഇന്ത്യയ്ക്കെതിരാണെന്ന് പറയുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അത് സത്യമല്ല. ഞാനീ രാജ്യത്തെ സ്നേഹിക്കുന്നു. ഞാനിതാണ്. എന്നാൽ പലരും ഇതിന് വിപരീതമായാണ് ചിന്തിക്കുന്നത്. ദയവായി എന്റെ ചിത്രങ്ങൾ ബഹിഷ്കരിക്കരുത്’- എന്നായിരുന്നു മുബൈയിൽ അദ്ദേഹം അഭ്യർത്ഥിച്ചത്. ലാൽ സിങ് ഛദ്ദയുടെ ട്രെയ്‌ലർ റിലീസ് ചെയ്തതിനു പിന്നാലെ തന്നെ ചിത്രത്തിനെതിരെ സൈബർ ആക്രമണം തുടങ്ങിയിരുന്നു. 

2015ൽ ആമിർ ഖാൻ നടത്തിയ ഒരു പരാമർശം ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചിരുന്നു. ‘നമ്മുടെ രാജ്യം വളരെയധികം സഹിഷ്ണുതയുള്ളതാണ്. എന്നാൽ ചിലർ വെറുപ്പ് പ്രചരിക്കുന്നു’- എന്നായിരുന്നു അത്. ഇതിനു പിന്നാലെ ആമിർ ഖാന്റെ ഭാര്യ നടത്തിയ ഒരു പ്രതികരണവും വലിയ തോതിൽ വിമർശനമേറ്റു വാങ്ങി. തന്റെ മക്കളുടെ സുരക്ഷയെ കരുതി ഇന്ത്യ വിടുന്നതിനെപ്പറ്റി ആലോചിച്ചുവെന്നാണ് കിരണ്‍ റാവു പറഞ്ഞത്. ഇതിനു പിന്നാലെയാണ് ആമിർ ഖാനും അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കുമെതിരെ വ്യാപക സൈബർ ആക്രമണമുണ്ടാകുന്നത്.