‘കുറ്റവും ശിക്ഷയും’ നാളെ മുതല്‍; ആകാംക്ഷകള്‍ക്ക് ഉത്തരം കാത്ത് പ്രേക്ഷകര്‍

‘കുറ്റവും ശിക്ഷയും എന്ന സിനിമ എന്റെ കരിയറിനെ ഇതിന് മുന്‍പും പിന്‍പും എന്നിങ്ങനെ രണ്ടായി തിരിക്കുമെന്ന് എനിക്കുറപ്പുണ്ട്...’ അടുത്തിടെ ഒരു അഭിമുഖത്തില്‍ ആസിഫ് അലി പറഞ്ഞതാണിത്.

കേരളത്തിലെ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് രാജീവ് രവിയുടെ സംവിധാനത്തിൽ, ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിൽ അരുൺകുമാർ വി നിർമിക്കുന്ന കുറ്റവും ശിക്ഷയും. നാളെ കേരളത്തിലെ 150ൽപ്പരം തിയേറ്ററുകളിൽ കുറ്റവും ശിക്ഷയും പ്രദർശനമാരംഭിക്കും.

എന്തുകൊണ്ടാണ് കുറ്റവും ശിക്ഷയും എന്ന സിനിമ ഇത്ര ചർച്ച ചെയ്യപ്പെടുന്നത്? കമ്മട്ടിപ്പാടം എന്ന ജനപ്രിയ ചിത്രത്തിന്  6 വർഷത്തിന് ശേഷമാണ് രാജീവ് രവിയുടെ സംവിധാനത്തിൽ ഒരു സിനിമ മലയാളത്തിലെത്തുന്നത്. ഒരു പോലീസ് കഥ എന്നതിനുമപ്പുറം ഇത് വരെ ചർച്ച ചെയ്യപ്പെടാത്ത പോലീസ് അന്വേഷങ്ങളുടെ വിശദാംശങ്ങളാണ് കുറ്റവും ശിക്ഷയും സിനിമയുടെ പ്രമേയം.

ഒരു നടൻ എന്ന നിലയിൽ തീർച്ചയായും ആസിഫ് അലിയുടെ വളർച്ചയുടെ അടുത്ത ഘട്ടമായിരിക്കും ഇതിലെ സാജൻ ഫിലിപ്പ് എന്ന കഥാപാത്രം. നിസ്സഹായതയും, നിരാശയും, എന്നാൽ അതിനൊപ്പം കർത്തവ്യനിരതനുമായ സാജൻ ഫിലിപ്പ് യഥാർത്ഥത്തിൽ വില്ലനാണോ, നായകനാണോ എന്നറിയാൻ നമുക്ക് നാളെ വരെ കാത്തിരിക്കാം.

ദൃശ്യഭംഗിയുടെ വൈവിധ്യമാണ് കുറ്റവും ശിക്ഷയും തരുന്ന മറ്റൊരു പ്രതീക്ഷ. കട്ടപ്പനയുടെ നാട്ടുവഴികളിൽ നിന്നും ഉത്തരേന്ത്യയിലെ ഊഷര പ്രദേശങ്ങളിലെത്തുമ്പോഴുള്ള വ്യത്യസ്തകാഴ്ചകളും ഈ സിനിമയെ ഒരു വ്യത്യസ്‌ത അനുഭവമാക്കുമെന്ന് കരുതാം. ആദ്യദിവസത്തെ കളക്ഷന്‍ റെക്കോര്‍ഡ് തിരുത്തിയെഴുതിയ കമ്മട്ടിപ്പാടം പോലെ, മറ്റൊരു സിനിമാ ചരിത്രമാകട്ടെ നാളെ തുടങ്ങുന്നത്.