ഐപിഎസ് കാക്കിയില്‍ സുരേഷ് ഗോപി; ഒപ്പം മകനും; വീണ്ടും ജോഷി മാജിക്

ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ‘പാപ്പന്റെ’ ട്രെയിലർ റിലീസ് ചെയ്തു. വൻ വിജയമായ പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രം സുരേഷ്ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ്. ചിത്രത്തില്‍ എബ്രഹാം മാത്യു മാത്തൻ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സുരേഷ് ഗോപിയെ സോളോ ഹീറോ ആക്കി 22 വർഷത്ത ഇടവേളക്ക് ശേഷം ജോഷി ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി പാപ്പനവകാശപ്പെട്ടതാണ്. വാഴുന്നോർ ആണ് ഇതിനുമുൻപ് സുരേഷ് ഗോപി സോളോ ഹീറോ ആയി വന്ന ജോഷി ചിത്രം. 

ക്രൈം ത്രില്ലറായി ഒരുക്കുന്ന ‘പാപ്പനിൽ’ നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. ആദ്യമായാണ് സുരേഷ് ​ഗോപിയും ​ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നതെന്ന  പ്രത്യേകതയുമുണ്ട്.