ജപ്തി ഭീഷണി നേരിടുന്ന കർഷകന്റെ കടം വീട്ടി സുരേഷ് ഗോപി: ഇംപാക്ട്

മൂന്നു വർഷം മുൻപുണ്ടായ ഉരുൾപൊട്ടലിൽ സർവതും നഷ്ടമായി നിൽക്കുമ്പോഴും ജപ്തി ഭീഷണി നേരിടുന്ന കർഷകന് താങ്ങായി സുരേഷ് ഗോപി. മലപ്പുറം കവളപ്പാറക്കടുത്ത പാതാറിലെ കൃഷ്ണൻ്റെ വീട് ഉൾപ്പെടുന്ന 25 സെന്റ് ഭൂമിയുടെ ജപ്തിഭീഷണി ഒഴിവക്കാൻ സുരേഷ് ഗോപി ഇന്നലെ മൂന്നര ലക്ഷം രൂപ ബാങ്കിലടച്ചു. മനോരമ ന്യൂസ് വാർത്തയിലൂടെ കൃഷ്ണന്‍റെ ദൈന്യത അറിഞ്ഞായിരുന്നു സുരേഷ് ഗോപിയുടെ ഇടപെടൽ.

   

79കാരൻ കൃഷ്ണനും കുടുംബവും ഒരു ജീവിതംകൊണ്ടു സമ്പാദിച്ചതെല്ലാം ഉരുളെടുത്തു. തല ചായ്ക്കാനുള്ള വീടടക്കം വായ്പ തിരിച്ചടയ്ക്കാൻ മാർഗമില്ലാതെ ജപ്തി ഭീഷണിയിലായി. മനോരമ ന്യൂസിലൂടെ കൃഷ്ണൻ്റെ പ്രയാസം അറിഞ്ഞ സുരേഷ് ഗോപി നിലമ്പൂർ ഹൗസിങ് സഹകരണ സൊസൈറ്റിയിൽ ജപ്തി ഒഴിവാക്കാനുള്ള വഴികൾ ആലോചിച്ചു. ഉടൻ തന്നെ സുരേഷ് ഗോപിയുടെ ലക്ഷമി ചാരിറ്റബിൾ ട്രസ്റ്റ് മൂന്നരലക്ഷം രൂപ നിക്ഷേപിച്ചു. ഇതോടെ കൃഷ്ണനും കുടുംബത്തിനു മീതെ വെല്ലുവിളിയായി നിന്ന വീടിൻ്റെ ജപ്തി ഒഴിഞ്ഞു പോവുകയാണ്. സുരേഷ് ഗോപിയുടെ നൻമയുള്ള മനസിന് നന്ദി പറയുകയാണ് കൃഷ്ണനും കുടുംബവും.