3 തവണ ‌കടിച്ചു; അച്ഛൻ ചോദിച്ചത് പാമ്പിന് വല്ലതു പറ്റിയോ എന്ന്..!; വിഡിയോയിൽ സൽമാൻ

പാമ്പ് കടിച്ച അനുഭവം പങ്കുവച്ച് നടൻ സൽമാൻ ഖാൻ. ഒന്നും രണ്ടുമല്ല മൂന്ന് തവണയാണ് സൽമാനെ പാമ്പ് കടിച്ചത്. കടിച്ച പാമ്പിന് ഒരു ഉപദ്രവും ഏൽപിക്കാതെ തിരികെ കാട്ടിൽ തന്നെ യാത്രയാക്കിയെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.‘പൻവേലിലെ ഫാം ഹൗസ് കാടിനോട് ചേർന്നാണ്. എവിടെനിന്നോ ഒരു പാമ്പ് മുറിയിലേക്ക് പ്രവേശിച്ചു. പാമ്പ് മുറിയിൽ കയറിയപ്പോൾ കുട്ടികൾ ഭയന്നുപോയി. ഭയങ്കര ബഹളം. ഞാൻ ഓടിചെന്നു, പാമ്പിനെ കണ്ട് ഒരു വടി കൊണ്ടുവരാൻ ആവശ്യപ്പെട്ടു. കുട്ടികൾ കൊണ്ടുവന്നത് ചെറിയ വടിയായിരുന്നതിനാൽ, അതുപയോഗിച്ച് ഞാൻ പാമ്പിനെ വളരെ സ്നേഹത്തോടെ വടിയിൽ പൊതിഞ്ഞെടുത്തു. പുറത്തേക്ക് കളയാൻ നോക്കുന്നതിനിടയിൽ അത് വടിയിലൂടെ മുകളിലേക്ക് കയറാൻ തുടങ്ങി. അതെന്റെ കയ്യുടെ വളരെ അടുത്ത് എത്തിയതിനാൽ ഞാൻ മറുകൈ കൊണ്ട് പാമ്പിനെ പിടിച്ച് വടി താഴെയിട്ടു.

ചുറ്റുമുള്ള ഗ്രാമവാസികൾ വിഷമുള്ള പാമ്പാണെന്നു കരുതി ഉറക്കെ ബഹളം വയ്ക്കാൻ തുടങ്ങിയപ്പോഴാണ് പാമ്പ് തന്നെ തിരിഞ്ഞ് കയ്യിൽ കടിക്കുന്നത്. ബഹളം കേട്ട് ഭയന്നാവാം അത് എന്നെ വീണ്ടും വീണ്ടും കടിച്ചു. കടിച്ച പാമ്പിനെയും കൊണ്ടാണ് ആശുപത്രിയിൽ പോയത്. അത് അൽപ്പം വിഷമുള്ള തരം പാമ്പായിരുന്നു. അതുകൊണ്ട് വിഷമരുന്ന് നൽകി. തുടർന്ന് ആറ് മണിക്കൂറുകളോളം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.ഇക്കാര്യമറിഞ്ഞ് അച്ഛന്‍ വളരെയധികം ടെന്‍ഷനടിച്ചു. പാമ്പിന് എന്തെങ്കിലും പറ്റിയോ ജീവനോടെയുണ്ടോ എന്നായിരുന്നു അച്ഛനറിയേണ്ടത്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ടൈഗറും പാമ്പും സുഖമായിരിക്കുന്നു എന്ന്.’–സൽമാൻ പറഞ്ഞു.ഡിസംബർ 25ന് രാത്രിയാണ് ബോളിവുഡ് താരം സൽമാൻ ഖാന് പാമ്പുകടിയേറ്റത്. തന്റെ പിറന്നാൾ ആഘോഷിക്കാനായി പൻവേലിനടുത്തെ ഫാം ഹൗസിലെത്തിയതായിരുന്നു സൽമാൻ.