ആ 'പൊലീസുകാരനെ' എനിക്കറിയാം; റമദാ പള്ളി ബീമാപള്ളിയല്ല; ഇന്ദ്രൻസ്

'അഞ്ചുനേരം നിസ്കാരം മൊടക്കാത്തവനാ സുലൈമാൻ. കാലത്തൊന്നും തിന്നിട്ടുണ്ടാവൂല്ല. അതോണ്ട് ഷുഗറും പുല്ലുമൊക്കം ലോ ആയിരിക്കും. അന്നേരം പൊറവിലൂടെ ഇങ്ങനൊന്ന് ഇൾത്ത് വലിച്ചാ..പെട്ടന്ന് തീരുവഡേയ്... 'മാലികി'ലെ ഈ ഭാഗം കാണുമ്പോൾ ഇന്ദ്രൻസിനെ അൽഭുതത്തോടെ നോക്കിയിരിക്കാനേ പ്രേക്ഷകന് സാധിക്കൂ. എന്ത് ക്രൂരനാണിയാൾ എന്ന് ആരെ കൊണ്ടും പറയിപ്പിക്കുന്ന മുഖഭാവവും സംഭാഷണവും. സിനിമ തീർന്നാലും മനസിൽ നിന്ന് മായാത്ത രംഗങ്ങളിലൊന്നാണത്. സിനിമയെ കുറിച്ച് പല അഭിപ്രായവും ചർച്ചയും നടക്കുന്നുണ്ടെങ്കിലും ഇന്ദ്രൻസിന്റെ പ്രകടനം അതിഗംഭീരമാണെന്നതിൽ തർക്കമില്ല. 'മാലികി'ലെ പൊലീസുകാരനെ കുറിച്ച്  ഇന്ദ്രൻസ് മനോരമന്യൂസ്.കോമിനോട് പറയുന്നു..

എനിക്കറിയാം ആ പൊലീസിനെ

മേലുദ്യോഗസ്ഥർക്ക് വേണ്ടത് മനസറിഞ്ഞ് ചെയ്ത് കൊടുക്കുന്ന വിനീതവിധേയരാണ് ' ജോർജ് സക്കറിയ'മാർ. അത്തരം പൊലീസുകാരെ കുറിച്ച് ഞാനൊരുപാട് കേട്ടിട്ടുണ്ട്. വായിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ആ കഥാപാത്രമായി മാറാൻ ഒട്ടും ബുദ്ധിമുട്ട് ഉണ്ടായില്ല. സെറ്റിലെത്തിയാൽ പിന്നെ എല്ലാം സംവിധായകനാണ്. അദ്ദേഹം പറയുന്നത് അതുപോലെ അനുസരിക്കുക മാത്രമായിരുന്നു എന്റെ ജോലി. അത് ചെയ്യാൻ നല്ല ധൈര്യവുമുണ്ടായിരുന്നു. മിടുക്കനായ സംവിധായകനാണ് മഹേഷ് നാരായണൻ. പറഞ്ഞത് അതുപോലെ ഞാൻ ചെയ്തുവെന്നേയുള്ളൂ.  സിനിമ കണ്ട് കുറച്ച് കൂട്ടുകാരൊക്കെ വിളിച്ചു. സിനിമയും എന്റെ പൊലീസ് വേഷവുമൊക്കെ നന്നായെന്ന് പറഞ്ഞു.

റമദാ പള്ളി ബീമാപള്ളിയല്ല

ഇത് ബീമാപള്ളിയുടെ ചരിത്രമൊന്നുമല്ല 'മാലിക്' . കൊച്ചിയെന്ന് പറഞ്ഞ് സിനിമ ഇറങ്ങിയാൽ അത് കൊച്ചിയുടെ കഥയാകുമോ? ഇത് സിനിമയാണ്. സംവിധായകന്റെ കലയും അദ്ദേഹത്തിന്റെ ഭാവനയുമാണത്. സംഭവങ്ങളിൽ നിന്ന് പ്രചോദനം സംവിധായകൻ ഉൾക്കൊണ്ടിട്ടുണ്ടാകാം. ബീമാ പള്ളിയുടെ ചരിത്രമല്ലിത്. വെടിവെപ്പ് കാലത്തുണ്ടായ സംഭവങ്ങൾ പുറത്ത് പറയാൻ കൊള്ളാത്തതാണ്. മോശമാണ്.

സംഭാഷണത്തിലെ തിരുവനന്തപുരം ശൈലി

ഞാനൊരു തിരുവനന്തപുരത്തുകാരനായതിനാൽ മാലികിലെ സംഭാഷണങ്ങൾ ഒട്ടും ബുദ്ധിമുട്ടായി തോന്നിയില്ല. പക്ഷേ ഇതര ജില്ലക്കാരായ അഭിനേതാക്കൾക്ക് ആ ശൈലി  അനായാസം കൈകാര്യം ചെയ്യാൻ സാധിച്ചത് സംവിധായകന്റെ പിന്തുണയോടെയാണ്. വളരെ പാടുപെട്ടായിരുന്നു ചിത്രീകരണം. ഓരോ സീനും ശ്രദ്ധിച്ച് റീടേക്കുകൾ എടുത്താണ് പൂർത്തിയാക്കിയത്. 

ഇസ്​ലാമോഫോബിക് ആയി തോന്നിയില്ല

സിനിമ മുസ്​ലിങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചതായി എനിക്ക് തോന്നിയില്ല. സംവിധായകന്റെ തീരുമാനമാണ് സിനിമ. ചരിത്രമെഴുതിവച്ചതാണെന്ന് സംവിധായകൻ അവകാശപ്പെടുന്നുമില്ല. മാലിക് എല്ലാ അർഥത്തിലും സംവിധായകന്റെ ചിത്രമാണ്. 

തിയേറ്ററിൽ കാണാനാവാത്തതിൽ സങ്കടം

തിയറ്ററിൽ സിനിമ കാണാൻ പറ്റാത്തതിൽ നല്ല വിഷമമുണ്ട്. ഒരു പക്ഷേ എല്ലാവർക്കും ഉള്ളിൽ ആ സങ്കടം തോന്നിയിട്ടുവുമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു വലിയ സംഘം മുഴുവൻ ഇത്രയധികം കഷ്ടപ്പെട്ടിട്ടും ഇത് ഒടിടി റിലീസ് ആയതിൽ വിഷമം ഉണ്ടാകുന്നത് സ്വാഭാവികമാണ്. പിന്നെ ഈ കാലമിങ്ങനെയല്ലേ. അതുകൊണ്ട് നമ്മൾ സഹകരിക്കേണ്ടതുണ്ട്. പലരും ഒടിടിക്കായി സിനിമ എടുക്കാൻ തുടങ്ങി. ഈ മോശം കാലത്ത് പിടിച്ച് നിൽക്കാൻ അങ്ങനെ മാറേണ്ടിയും വരും.