അമ്മയുടെ കണ്ണീരിൽ നിന്ന് ഞാനുണ്ടായി; ചാരേ ഇരുന്ന് ഇന്ദ്രൻസ് പറയുന്നു

അമ്മയുടെ കണ്ണീരിൽ നിന്നാണ് മലയാളി ഇന്നറിയുന്ന താനുണ്ടായതെന്ന് ഇന്ദ്രൻസ്. അമ്മേയെന്ന് വിളിക്കാത്ത, ആ വാക്ക് നാവിൽ വരാത്ത ഒരു നേരവുമില്ലെന്ന് അമ്മയ്ക്കരികിലിരുന്ന് മലയാളിയുടെ പ്രിയപ്പെട്ട ഇന്ദ്രൻസ് മനോരമ ന്യൂസിനോട് പറയുന്നു. ഒരു ദിവസമല്ല, എല്ലാ ദിവസവും അമ്മമാരുടേതാണെന്നും കേൾക്കുമ്പോൾ തന്നെ സ്നേഹം നിറയുന്ന വാക്കാണതെന്നും താരം കൂട്ടിച്ചേർത്തു.

ചെറുപ്പത്തിൽ ദീനക്കാരനും സർവോപരി കുരുത്തംകെട്ടവനുമായ തന്നെ കൊണ്ട് അമ്മ അനുഭവിച്ച ബുദ്ധിമുട്ടുകൾക്ക് കയ്യും കണക്കുമില്ലെന്നാണ് ഇന്ദ്രൻസ് ഓർത്തെടുക്കുന്നത്. വളർത്തി വലുതാക്കിയത് മുതൽ ഉപജീവന മാർഗം വരെ അമ്മയുടെ സമ്മാനമായിരുന്നു. അമ്മ ചിട്ടി പിടിച്ച് നൽകിയ പണം കൊണ്ട് വാങ്ങിയ തയ്യൽ മെഷീനിൽ നിന്നാണ് ജീവിതം തുടങ്ങുന്നത്. നാടകം കളിച്ച് നടക്കാൻ പോകുമ്പോൾ അച്ഛനറിയാതെ വേണ്ടതെല്ലാം അമ്മ തന്നിരുന്നു. അമ്മയുടെ കണ്ണീരിൽ നിന്നാണ് സുരേന്ദ്രൻ പദ്മരാജന്റെയും മലയാളിയുടേയും 'ഇന്ദ്രൻസായി' മാറിയതെന്നും അദ്ദേഹം പറയുന്നു.

അമ്മയുടെ 'ശാപം' കൊണ്ടാണ് ഹാസ്യനടനായി മാറിയത്. ആ കഥയിങ്ങനെയാണ്: കുരുത്തക്കേട് മൂത്ത് പഠിക്കാതെ ഉഴപ്പി നടന്ന കാലത്ത് ഒരിക്കൽ നേരം വൈകി വീട്ടിൽ കയറി ചെന്നു. അന്ന് അമ്മ പറഞ്ഞു, 'കുളിക്കത്തുമില്ല, പഠിക്കത്തുമില്ല.. നിന്നെ കണ്ടിട്ട് നാട്ടുകാർ ചിരിക്കുമെന്ന്'..  അതങ്ങനെ തന്നെ സംഭവിച്ചു. സ്ക്രീനിൽ മുഖം തെളിയുമ്പോഴേ ആളുകള്‍ ചിരിക്കാൻ തുടങ്ങിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃദിനത്തിലാണ് ഇന്ദ്രന്‍സ് അമ്മയെക്കുറിച്ചുള്ള അപൂര്‍വമായ ഓര്‍മകള്‍ പങ്കുവച്ചത്.