'ആവശ്യമില്ലാത്ത ടെൻഷൻ അപകടത്തിലാക്കും'; വീണ്ടും ജോർജ്കുട്ടി; ദൃശ്യം 2 ട്രെയിലർ

ജോർജ് കുട്ടിയേയും കുടുംബത്തെയും വീണ്ടും ഒരിക്കൽ കൂടെ കാണാൻ വേണ്ടി കാത്തിരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. ഇപ്പോഴിതാ ദൃശ്യം 2 ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഫെബ്രുവരി 8–ന് പുറത്തിറങ്ങുമെന്ന് അറിയിച്ച ട്രെയിലറാണ് ഇപ്പോൾ  ആമസോൺ പ്രൈം യൂട്യൂബിലൂടെ പുറത്തുവിട്ടത്. 

ദൃശ്യം ആദ്യഭാഗത്തിൽ നിന്ന് ജോർജ്കുട്ടിയും കുടുംബവും ഒരുപാട് വളർന്നിരിക്കുന്നുവെന്ന് ട്രെയിലറിൽ നിന്ന് വ്യക്തം. കേബിൾ ഓപ്പറേറ്ററിൽ നിന്ന് തിയറ്റർ ഉടമയും പ്രൊഡ്യൂസറും ഒക്കെയായ ജോർ‌ജ്കുട്ടിക്ക് നല്ല വീടും കാറുമൊക്കെയായി. ആദ്യഭാഗം പോലെ തന്നെ സ്ഘർഷഭരിതമാകും രണ്ടാം ഭാഗമെന്ന് തന്നെയാണ് ട്രെയിലർ വ്യക്തമാക്കുന്നത്. പ്രേക്ഷകരെ മുൾമുനയിലിരുത്തുന്നതാകും ചിത്രമെന്നാണ് ട്രെയിലർ കണ്ടവർ പങ്കുവയ്ക്കുന്ന പ്രതീക്ഷ..‌

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരിന്റെ നിർമാണത്തിൽ ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മീന, അൻസിബ ഹസ്സൻ, എസ്തർ, ഗണേശ് കുമാർ, ആശ ശരത്, സിദ്ധിഖ്, മുരളി ഗോപി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ സിനിമ റിലീസ് ചെയ്യും