ഒരിക്കല്‍ കങ്കണയുടെ ആരാധിക ആയതില്‍ ലജ്ജിക്കുന്നു: തുറന്നടിച്ച് വാമിഖ

ബോളിവുഡ് താരം കങ്കണ റണൗട്ട് പ്രതിനിധീകരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് തുറന്നടിച്ച് ഗോദയിലൂടെ മലയാളത്തിലെത്തിയ പഞ്ചാബി താരം താരം വാമിഖ ഗാബി. ഒരിക്കൽ കങ്കണയുടെ ആരാധികയായിരുന്നു എന്നതിൽ ലജ്ജിക്കുന്നുവെന്നും വാമിഖ പറഞ്ഞു. ഷഹീൻബാദ് ദാദി എന്നറിയപ്പെടുന്ന മൊഹീന്ദർ കൗറിനെ അപഹസിച്ച് കങ്കണ ചെയ്ത ട്വീറ്റ് പങ്കുവച്ചുകൊണ്ടായിരുന്നു വാമിഖയുടെ പ്രതികരണം. വെറുപ്പു മാത്രം നിറഞ്ഞ ഒരു സ്ത്രീയായി കങ്കണ മാറിപ്പോയത് ഏറെ ദുഃഖിപ്പിക്കുന്നുവെന്നും താരം കുറിച്ചു. 

വാമിഖയുടെ വാക്കുകൾ- "ഒരിക്കൽ ഇവരുടെ ആരാധികയായിരുന്നു ഞാൻ... എന്നാൽ ഇവരെ ഞാൻ ഇഷ്ടപ്പെട്ടിരുന്നല്ലോ എന്നോർത്ത് ഇപ്പോൾ ലജ്ജ തോന്നുന്നു. ഹിന്ദു ആയിരിക്കുക എന്നതിന്റെ അർത്ഥം തന്നെ സ്നേഹമായിരിക്കുക എന്നതാണ്. ഒരു പക്ഷേ, രാവണൻ ശരീരത്തിൽ കയറിയാൽ മനുഷ്യർ ഇങ്ങനെയൊക്കെ ആകുമായിരിക്കും. വെറുപ്പു മാത്രം നിറഞ്ഞൊരു സ്ത്രീയായി താങ്കൾ മാറിപ്പോയത് ഏറെ ദുഃഖിപ്പിക്കുന്നു!"

വാമിഖയുടെ പരസ്യ പ്രതികരണത്തിനു പിന്നാലെ ട്വിറ്ററിൽ താരത്തെ കങ്കണ ബ്ലോക്ക് ചെയ്തു. ഇക്കാര്യവും വാമിഖ ആരാധകരെ അറിയിച്ചു. കങ്കണ തന്നെ ബ്ലോക്ക് ചെയ്തതിൽ സന്തോഷിക്കുന്നുവെന്ന് പറഞ്ഞാണ് വാമിഖ ഇക്കാര്യം ആരാധകരെ അറിയിച്ചത്. നിലപാടുകളോടു വിയോജിപ്പുള്ള മറ്റ് സ്ത്രീകൾക്ക് കങ്കണ നൽകുന്ന തരംതാണ മറുപടികളിലേക്ക് പോകാതെ തന്നെ ബ്ലോക്ക് ചെയ്തതിൽ സന്തോഷിക്കുന്നുവെന്ന് വാമിഖ കുറിച്ചു. വെറുപ്പു മാറി മനസിൽ സ്നേഹം നിറയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെയെന്നും വാമിഖ ആശംസിച്ചു. 

ഷഹീൻ ബാഗ് സമരത്തിന്റെ മുഖമായി തീർന്ന മൊഹീന്ദർ കൗറിന് നിരവധി അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. ദാദിയുടെ തളരാത്ത സമരവീര്യത്തിന് ആദരമർപ്പിച്ചുകൊണ്ടായിരുന്നു ലോകമാധ്യമങ്ങൾ പോലും അവരെക്കുറിച്ച് എഴുതിയത്. എന്നാൽ, 100 രൂപയും ഭക്ഷണവും നല്‍കുകയാണെങ്കില്‍ ഈ ദാദി ഏത് സമരത്തിനും പോകുമെന്നായിരുന്നു ദാദിക്കെതിരെ കങ്കണയുടെ പരിഹാസം.