പബ്‌ജിയിലും മയക്കുമരുന്നിലും യുവത നശിക്കുന്നു: അഗ്നിപഥ് ആവശ്യം; തുണച്ച് കങ്കണ

അഗ്നിപഥ് പദ്ധതിക്ക് പിന്തുണയുമായി കങ്കണ റണൗട്ട്. പദ്ധതിക്കെതിരെ രാജ്യത്ത് യുവാക്കളുടെ വ്യാപക പ്രതിഷേധം ഉയരുന്ന സമയത്താണ്  പദ്ധതിയെ പിന്തുണച്ച് ബോളിവുഡ് നടി രംഗത്ത് എത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു സ്റ്റോറി പോസ്റ്റ് ചെയ്തുകൊണ്ടാണ് കങ്കണ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. 

'ഇസ്രായേൽ പോലുള്ള പല രാജ്യങ്ങളും അവരുടെ എല്ലാ യുവജനങ്ങൾക്കും സൈനിക പരിശീലനം നിർബന്ധമാക്കിയിട്ടുണ്ട്.  അച്ചടക്കം, ദേശീയത, രാജ്യത്തിന്‍റെ അതിർത്തികൾ സംരക്ഷിക്കുക തുടങ്ങി ജീവിതത്തിലെ പല മൂല്യങ്ങളും പഠിക്കാൻ കുറച്ച് വർഷങ്ങൾ ഈ രാജ്യങ്ങളിലെ യുവാക്കൾ സേനക്ക് വേണ്ടി മാറ്റി വെക്കുന്നു. തൊഴിൽ, പണം സമ്പാദിക്കൽ എന്നിവക്ക് പുറമേ കൂടുതൽ അർഥങ്ങളുള്ള പദ്ധതിയാണ് അഗ്നിപഥ്. അതിന് ആഴത്തിലുള്ള അർത്ഥ തലങ്ങളുണ്ട്. പണ്ടത്തെ കാലത്ത് എല്ലാവരും ഗുരുകുലങ്ങളിൽ പോയിരുന്നത് പണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നില്ല.  ഇന്നത്തെ തലമുറ മയക്കുമരുന്നിലും പബ്ജി പോലുള്ള ഗെയിമിലൂടെയും നശിക്കുമ്പോൾ അഗ്നിപഥ് പോലുള്ള പുതിയ പരിഷ്കരണങ്ങൾ രാജ്യത്തിനു നല്ലതാണ്. അതിന് കേന്ദ്ര സർക്കാരിനെ അഭിനന്ദിക്കുന്നു.'  കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

നിലവിൽ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കി അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം രാജ്യത്തു കത്തിപ്പടരുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആരംഭിച്ച യുവാക്കളുടെ പ്രക്ഷോഭം ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചു. ബിഹാറിൽ ഉപമുഖ്യമന്ത്രി രേണു ദേവിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാളിന്റെയും വീടുകൾക്കു നേരെ ആക്രമണമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ ബസുകൾ തല്ലിത്തകർത്തു. കോവിഡ് മൂലം കഴിഞ്ഞ വർഷങ്ങളിൽ സേനയിൽ ചേരാൻ സാധിക്കാത്തവർക്കായി അഗ്നിപഥ് പ്രവേശന പ്രായപരിധി 23 ആക്കി പ്രക്ഷോഭം തണുപ്പിക്കാൻ വ്യാഴാഴ്ച രാത്രി കേന്ദ്ര സർക്കാർ നടത്തിയ ശ്രമം ഫലം കണ്ടില്ല.