റിക്രൂട്ട്മെന്‍റ് ഫീസായി പിരിച്ച 100 കോടി എവിടെ? 'അഗ്നിപഥി'ല്‍ പ്രതിഷേധമുയര്‍ത്തി ന്യായ് യാത്ര

രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ ന്യായ് യാത്ര'യിൽ 'അഗ്‌നിപഥ്' പദ്ധതിക്കെതിരായ പ്രതിഷേധo ഉയർത്താൻ തീരുമാനം. തിരഞ്ഞെടുക്കപ്പെട്ടിട്ടും 'അഗ്നിപഥ്' വന്നതിനെ തുടർന്ന്  സേനയുടെ ഭാഗമാകാൻ കഴിയാതിരുന്നവരെ യാത്രയിൽ അണിനിരത്തും. കോൺഗ്രസിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും വിഷയം ഉൾപ്പെടുത്തും.

ഭാരത് ജോഡോ ന്യായ് യാത്രയിൽ വിവിധ സമയങ്ങളിലായി രാഹുൽ ഗാന്ധിയെ കണ്ടു പിന്തുണ തേടിയവരുടെ വിഷയങ്ങൾ ഉയർത്താനാണ് കോൺഗ്രസ് തീരുമാനം. എല്ലാ യോഗ്യതകളോടെയും തിരഞ്ഞെടുക്കപ്പെട്ടിട്ടും അഗ്നിപഥ് വന്നതിനെ തുടർന്ന് സേനയുടെ ഭാഗമാകാൻ കഴിയാതിരുന്ന 1.5 ലക്ഷം യുവാക്കൾ തൊഴിൽ രഹിതരായി രാജ്യത്ത് ഉണ്ട് എന്നാണ്  കോൺഗ്രസിന്‍റെ വാദം. റിക്രൂട്ട്‌മെന്റ് ഫീസിന്റെ പേരിൽ പിരിച്ചെടുത്ത 100 കോടി എവിടെയെന്നും കോൺഗ്രസ് ചോദിക്കുന്നു. ബിഹാറിലേക്ക് യാത്ര എത്തുമ്പോൾ ഇവരിൽ നല്ലൊരു ഭാഗം അണിനിരക്കും.

യുവാക്കളുടെ പേര് വിവരങ്ങൾ കോൺഗ്രസ് എക്‌സ്-സർവീസ്‌മെൻ ഡിപ്പാർട്ട്‌മെന്റ് വഴി ശേഖരിച്ച് വരികയാണ്. ഇന്ത്യൻ കരസേനയുടെ അംഗബലം 14.25 ലക്ഷമാണ്. പ്രതിവർഷം 75,000 പേർ വിരമിക്കുന്നു. പ്രതിവർഷം റിക്രൂട്ട് ചെയ്യുന്നത് 46,000 അഗ്നിവീറുകളെ മാത്രം. അങ്ങനെയെങ്കിൽ അഞ്ച് വർഷത്തിന് ശേഷം സൈന്യത്തിന്റെ അംഗബലം 10 ലക്ഷമായി കുറയുമെന്നാണ് കോൺഗ്രസ് നിരത്തുന്ന കണക്ക്.

Rahul's Nyay Yatra to protest against Agnipath scheme