അഗ്നിപഥ് പദ്ധതിയില്‍ മാറ്റം?; പകുതിപ്പേരെ സ്ഥിരപ്പെടുത്താന്‍ ആലോചന

അഗ്നിപഥ് പദ്ധതിയില്‍ കേന്ദ്രം മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പരിശീലനം പൂര്‍ത്തിയാക്കി നാലുവര്‍ഷം സേവനം ചെയ്യുന്നവരില്‍ പകുതിപ്പേരെ സ്ഥിരപ്പെടുത്താനാണ് ആലോചന. നിലവില്‍ ഇത് വെറും 25 ശതമാനമാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കോവിഡ് മൂലമാണ് റിക്രൂട്ട്മെന്‍റ് നിര്‍ത്തിവച്ചത്. പ്രതിവര്‍ഷം അരലക്ഷത്തോളം പേരാണ് സേനയില്‍നിന്ന് വിരമിക്കുന്നത്. ഇങ്ങനെ, കരസേനയിലുള്ള ആളൊഴിവ് നികത്താന്‍ പര്യാപ്തമല്ല നിലവിലെ നിയമനരീതിയെന്ന വിമര്‍ശനം കരസേനയ്ക്കകത്തുതന്നെയുണ്ട്. പിന്നാലെയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയതും. നിലവില്‍ അഗ്നിവീരന്‍മാരാകുന്ന നൂറുപേരില്‍ നാലുവര്‍ഷത്തേ സേവനത്തിനുശേഷം സ്ഥിരപ്പെടുത്തുന്നത് 25 പേരെയാണ്. ഇനിയത് 50 പേരെയാക്കാനാണ് ആലോചന. ഇപ്പോള്‍ കരസേന ആസ്ഥാനത്തുള്ള ഫയല്‍ ഉടന്‍ പ്രതിരോധമന്ത്രാലയത്തിന് കൈമാറുമെന്നാണ് സൂചന. വിവാദങ്ങൾക്കും കടുത്ത പ്രതിഷേധത്തിനുമിടെ, 2022 ജൂണ്‍ 14നാണ് സായുധസേനകളിലേക്കുള്ള ഹ്രസ്വകാല റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്. സ്ഥിരപ്പെടാത്തവര്‍ക്ക് അർധസൈനിക വിഭാഗങ്ങളിലും പൊതുസ്വകാര്യ മേഖലകളിലും ജോലി സംവരണം വാഗ്ദാനമുണ്ട്. സേനയിൽ യുവത്വം കൊണ്ടുവരാനും പെൻഷൻ ഇനത്തിൽ നൽകേണ്ട ചെലവ് കുറയ്ക്കാനും അഗ്നിപഥ് പദ്ധതി സഹായിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ.