ഡബ് വിഡിയോ കണ്ട് ഖത്തർ എയർ‌വേസ് സിഇഒയെ 'വിഡ്ഢി'യെന്ന് വിളിച്ച് കങ്കണ; അബദ്ധം

വിവാദ പരാമർശങ്ങളുടെ പേരിൽ വാർത്തകളിൽ ഇടം നേുന്ന ബോളിവുഡ് താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ ഖത്തർ എയർവേസ് സിഇഒ അക്ബർ അൽ ബേക്കറിന്റെ പാരഡി വിഡിയോ കണ്ടിട്ട് അത് യഥാർഥമാണെന്ന് വിശ്വസിച്ച് നടി നടത്തിയ പ്രസ്താവനയാണ് ചര്‍ച്ചയാകുന്നത്. വിഡ്ഢിയായ മനുഷ്യൻ എന്നാണ് കങ്കണ പരിഹസിച്ചത്.

പ്രവാചകൻ മുഹമ്മദ് നബിയെ ബിജെപി നേതാക്കള്‍ അവഹേളിച്ചതിന് ഇന്ത്യയ്ക്ക് ലഭിച്ച നയതന്ത്ര തിരിച്ചടിയെ തുടർന്ന്, ഖത്തർ എയർവേയ്‌സ് ബഹിഷ്‌കരിക്കാൻ അഭ്യർത്ഥിച്ച വസുദേവ് എന്നയാളിന്റെ വിഡയോക്ക് മറുപടി എന്ന തരത്തിൽ എഡിറ്റ് ചെയ്ത വിഡിയോ ആണ് കങ്കണ കണ്ടത്. ബോയ്ക്കോട്ട് ഖത്തർ എന്ന ഹാഷ്ടാഗോടെ വസുദേവ് പങ്കുവെച്ച വിഡിയോക്ക് വസുദേവിനോട് നേരിട്ട് ബഷിഷ്ക്കരിക്കാനുള്ള ആഹ്വാനം പിൻവലിക്കണമെന്ന് സിഇഒ പറയുന്ന തരത്തിൽ‌ ഡബ് ചെയ്ത വിഡിയോ ആണിത്. വസുദേവിനുള്ള ‘സർക്കാസം’ മറുപടിയാണിത്. 

'മൊത്തം  624.50 ഡോളർ നിക്ഷേപമുള്ള ഞങ്ങളുടെ ഏറ്റവും വലിയ ഓഹരി ഉടമയാണ് വസുദേവ്. ഇനി എങ്ങനെ പ്രവർത്തിക്കണമെന്ന് ഞങ്ങൾക്ക് അറിയില്ല. ഞങ്ങൾ എല്ലാ വിമാനങ്ങളും നിർത്തി. ഞങ്ങളുടെ സംവിധാനങ്ങള്‍ ഇപ്പോൾ പ്രവർത്തിക്കുന്നില്ല'. ഖത്തർ എയർവേസ് സിഇഒയ്ക്ക് ഡബ് ചെയ്തിരിക്കുന്നത് ഇങ്ങനെ. ഇത് യഥാർഥമാണെന്ന് വിശ്വസിച്ചാണ് കങ്കണ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. 

'ഒരു പാവപ്പെട്ടവനെ ഭീഷണിപ്പെടുത്താനും അവന്റെ നിസ്സാരതയെ പരിഹസിക്കാനും ഈ വിഡ്ഢിക്ക് നാണമില്ല. നിങ്ങളെപ്പോലുള്ള ഒരു പണക്കാരന് വാസുദേവ് ​​ദരിദ്രനും നിസ്സാരനുമായിരിക്കാം, പക്ഷേ അവന്റെ സങ്കടവും വേദനയും നിരാശയും അത് ഏത് സാഹചര്യത്തിലും പ്രകടിപ്പിക്കാൻ അവന് അവകാശമുണ്ട്. ഈ ലോകത്തിനപ്പുറം നാമെല്ലാവരും തുല്യരായ ഒരു ലോകമുണ്ടെന്ന് ഓർക്കുക.' ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി കങ്കണ പങ്കുവെച്ചത് ഇങ്ങനെ. എന്നാൽ അബദ്ധം പറ്റിയെന്ന് മനസ്സിലായതോടെയും പരിഹാസങ്ങൾ നിറഞ്ഞതോടെയും താരം സ്റ്റോറി പിൻവലിച്ചു. പക്ഷേ സ്ക്രീൻഷോട്ടുകൾ പ്രചരിക്കുന്നുണ്ട്.