‘രാജമൗലി ഭീമിനെ തൊപ്പി ധരിപ്പിച്ചു; നടക്കില്ല’; ഭീഷണിയുമായി ബിജെപി നേതാവ്

ബ്രഹ്മാണ്ഡ സംവിധായകൻ രാജമൗലിയുടെ ‘ആർആർആർ’ എന്ന പുതിയ ചിത്രത്തിനെതിരെ ബിജെപി നേതാവ് രംഗത്ത്. തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബന്ദി സഞ്ജയ് കുമാറാണ് സിനിമയുടെ പുറത്തുവന്ന ടീസറിനെതിരെ രംഗത്തുവന്നത്.

1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ഇതിൽ ഭീം മുസ്​ലിം  തൊപ്പി അണിഞ്ഞെത്തുന്ന രംഗമാണ് ബിജെപി നേതാവിനെ ചൊടിപ്പിക്കുന്നത്. ജൂനിയർ എൻടിആർ ആണ് ഈ വേഷം ചെയ്യുന്നത്. മുസ്​ലിം തൊപ്പി അണിഞ്ഞ് നടന്നുവരുന്ന രംഗവും ടീസറിലുണ്ട്. ‘രാജമൗലി കോമരം ഭീമിനെ തൊപ്പി ധരിപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ ഇത് അംഗീകരിക്കുമെന്ന് കരുതിയോ? ഒരിക്കലുമില്ല,’ ബന്ദി സജ്ജയ് പൊതുപരിപാടിയിൽ പറഞ്ഞു. ഈ സീൻ നീക്കം ചെയ്യണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു.

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ഇത്. 450 കോടി മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും ആദ്യ ദക്ഷിണേന്ത്യൻ ചിത്രമാണ് ഇത്.