‘യുദ്ധത്തിൽ ഞാൻ ജയിച്ചു’: അർബുദ മുക്തനായി; നന്ദി പറഞ്ഞ് സഞ്ജയ് ദത്ത്

 ശ്വാസകോശ അര്‍ബുദ ബാധയെ തുടര്‍ന്ന്  ഓഗസ്റ്റ് മാസം മുതൽ ചികിത്സയിലായിരുന്ന സഞ്ജയ് ദത്ത് രോഗ മുക്തനായി. ഇരട്ടക്കുട്ടികളായ ഷഹ്‌റാന്റെയും ഇഖ്‌റയുടേയും 10-ാം പിറന്നാൾ ദിനത്തിലാണ് താരം രോഗമുക്തനായിരിക്കുന്നത്. 

‘കഴിഞ്ഞ കുറച്ച് ആഴ്ചകൾ എനിക്കും എന്റെ കുടുംബത്തിനും വളരെ പ്രയാസകരമായ സമയമായിരുന്നു. എന്നാൽ അവർ പറയുന്നത് പോലെ, ദൈവം തന്റെ ശക്തരായ പോരാളികൾക്ക് ഏറ്റവും കഠിനമായ യുദ്ധങ്ങൾ നൽകുന്നു. ഇന്ന്, എന്റെ കുട്ടികളുടെ ജന്മദിനത്തോടനുബന്ധിച്ച്, ഈ യുദ്ധത്തിൽ നിന്ന് വിജയിയായി പുറത്തുവന്നതിൽ എനിക്ക് സന്തോഷമുണ്ട്, എനിക്ക് കഴിയുന്ന ഏറ്റവും മികച്ച സമ്മാനം അവർക്ക് നൽകാൻ കഴിയുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യവും ക്ഷേമവും,” സഞ്ജയ് ദത്ത് പറയുന്നു.

കഠിനമായ സമയത്തിനിടെ തന്റെ ശക്തിയുടെ ഉറവിടമായവ‌ർക്കും താരം നന്ദി പറയുന്നു. ചികിത്സയ്ക്കായി താൻ വിട്ടുനിൽക്കുന്നതിനെക്കുറിച്ച് ഓഗസ്റ്റിൽ പറഞ്ഞത് മുതൽ ലഭിച്ച എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നതായും ദത്ത് പറഞ്ഞു.

മുംബൈയിലെ കോകിലബെൻ ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും മെഡിക്കൽ സ്റ്റാഫുകൾക്കുംദത്ത് നന്ദി പറഞ്ഞു. ‘കഴിഞ്ഞ ഏതാനും ആഴ്ചകളായി എന്നെ നന്നായി പരിപാലിച്ച ഡോ. സേവന്തിയോടും അവരുടെ ടീമിലെ ഡോക്ടർമാരോടും നഴ്‌സുമാരോടും കോകിലബെൻ ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫിനോടും ഞാൻ പ്രത്യേകം നന്ദിയുള്ളവനാണ്’

രോഗത്തെ തുടർന്ന് സിനിമയില്‍ നിന്ന് തത്ക്കാലം അവധിയെടുക്കുകയാണെന്ന് സഞ്ജയ് ദത്ത് തന്റെ ആരാധകരെ അറിയിച്ചിരുന്നു. അർബുദത്തെ അതിജീവിച്ചതോടെ വീണ്ടും സിനിമ മേഖലയിൽ സജീവമായി തിരിച്ചുവരാനൊരുങ്ങുകയാണ് സഞ്ജയ് ദത്ത്.  കെ‌ജി‌എഫ്: ചാപ്റ്റർ 2, ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ, പൃഥ്വിരാജ്, ടോർ‌ബാസ് എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങളിലാണ് ദത്ത് അഭിനയിക്കാനിരിക്കുന്നത്