‘ഉറച്ചുതന്നെ; പറ്റില്ലെങ്കില്‍ പോയി സീരിയല്‍ ചെയ്യൂ’; തുറന്നടിച്ച് നിര്‍മാതാവ്

 താരങ്ങളുടെ പ്രതിഫലത്തെച്ചൊല്ലി മലയാള സിനിമയില്‍ വീണ്ടും വിവാദം. കോവിഡ് കാലത്തെ പ്രതിസന്ധി മനസ്സിലാക്കാതെ പ്രതിഫലം കൂട്ടിയ താരങ്ങളുടെ സിനിമകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. നിര്‍മാണച്ചിലവ് പരിശോധിക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഉപസമിതിയെ നിയമിച്ചുകഴിഞ്ഞു. സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം പ്രതിഫലം കൂട്ടിയ താരങ്ങളുടെ സിനിമകള്‍ക്ക് നല്‍കിയ ചിത്രീകരണാനുമതി പിന്‍വലിച്ചേക്കും. ഇത്തരം താരങ്ങളുമായി തുടര്‍ന്നും യാതൊരുവിധത്തിലും സഹകരിക്കേണ്ടെന്ന നിലപാടിലാണ് സംഘടന.

‘പ്രൊഡ്യുസേഴ്സ് അസോസിയേഷന് മുന്നില്‍ വേറെ മാര്‍ഗമില്ല. സിനിമാവ്യവസായത്തെ പിടിച്ചുനിര്‍ത്താന്‍ കടുത്ത തീരുമാനങ്ങളെടുക്കും. ഇനി ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ശമ്പളം കൂട്ടുന്ന താരങ്ങളുടെ  സിനിമ അസോസിയേഷന്‍ അംഗീകരിക്കില്ല. പല നിര്‍മാതാക്കള്‍ക്കും പലതും തുറന്നുപറയേണ്ടിയുംവരും. അടുത്തിടെ ഒരു നടന്‍ പുതിയ നിര്‍മാതാവിനോട്  തനിക്ക് ആറുകോടിയുടെ ബിസിനസ് ഉണ്ടെന്ന് പറഞ്ഞ് രണ്ടുകോടി പ്രതിഫലത്തിനായി വാശിപിടിച്ചു. ഒടുവില്‍ ആ നിര്‍മാതാവിന് അത് അംഗീകരിക്കേണ്ടിവന്നു. ഇതാണ് അവസ്ഥ.’

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് മെംബറും ഉപസമിതി അംഗവുമായി ആനന്ദ് പയ്യന്നൂര്‍ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.

‘സൂപ്പര്‍താരങ്ങളെല്ലാം സഹകരിക്കുന്നുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും മുന്നോട്ടുവയ്ക്കാത്ത ആവശ്യങ്ങളാണ് ചില യുവതാരങ്ങള്‍ക്കുള്ളത്. മോഹന്‍ലാല്‍ സംഘടനയെ വിളിച്ച് പ്രതിഫലം കുറയ്ക്കുന്നതടക്കമുള്ള ഏതുകാര്യങ്ങളുമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും തുടങ്ങി കുറച്ചുപേര്‍ മാത്രമാണ് പ്രതിഫലക്കാര്യത്തില്‍ വാശിപിടിക്കാത്തത്. സിനിമയുടെ അവസ്ഥ കണ്ട് വിട്ടുവീഴ്ച ചെയ്യുന്നവര്‍ വേറെയുമുണ്ട്. എന്നാല്‍ ചിലര്‍ക്കിത് പ്രതിഫലം കൂട്ടാനുള്ള സമയമായിട്ടാണ് സ്വയം തോന്നുന്നത്. പലര്‍ക്കും നല്ല സിനിമ തിരഞ്ഞെടുക്കുന്നതിനേക്കാള്‍ ശമ്പളം കൂട്ടുന്ന കാര്യത്തിലാണ് ശ്രദ്ധ. മനഃസാക്ഷിയില്ലായ്മയാണ് ഇത് വ്യക്തമാക്കുന്നത്.  തിയറ്റര്‍ അടഞ്ഞുകിടക്കുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് ക്രൂരതയാണ്. തിയറ്ററുകളില്‍ വന്ന് കയ്യടിച്ച് ഇവരെ താരങ്ങളാക്കിയ ജനങ്ങളോടുള്ള വെല്ലുവിളികൂടിയാണിത്. മലയാള സിനിമ ഇങ്ങനെ പെട്ടുകിടക്കുന്ന സമയത്ത് പ്രതിഫലം കൂട്ടുക എന്നത് ചതിയാണ്. പ്രതിഫലം കൂടുതല്‍ വാങ്ങുന്നവരാണ് മൂല്യമുള്ളവര്‍ എന്ന് കരുതുന്ന ചിലര്‍ മലയാളസിനിമയ്ക്കുതന്നെ ഭീഷണിയാണ്. പ്രതിഫലം കൂട്ടാനാണ് ആഗ്രഹമെങ്കില്‍ അവര്‍ക്ക്  പോയി സീരിയല്‍ ചെയ്യുന്നതാണ് നല്ലത്. നാളെ തിയറ്ററുകള്‍ തുറന്നാലും അവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുന്നില്ല.’ ആനന്ദ് വ്യക്തമാക്കുന്നു.

സാങ്കേതികപ്രവര്‍ത്തകരുടെ സംഘടന എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇനി അവര്‍ ശമ്പളം കൂട്ടുന്ന സാഹചര്യം ഉണ്ടായാലും തടയും. വേതനം കുറച്ച് ജോലി ചെയ്യാമെന്ന് വ്യക്തമാക്കി മാക്ട ഫെഡറേഷന്‍, വചസ് പോലെയുള്ള സംഘടനകള്‍ കത്ത് തന്നിട്ടുണ്ട്. ആര്‍ക്കും ആരുടെ ജോലിയും തടയാനാകില്ല. ഏതെങ്കിലും സംഘടനയില്‍ അംഗമായാലേ ജോലി ചെയ്യാനാകൂ എന്നൊന്നും ഇപ്പോഴില്ല. ജോലി അറിയാമെങ്കില്‍ ആര്‍ക്കും സിനിമയില്‍ പ്രവര്‍ത്തിക്കാമെന്നും ആനന്ദ് പയ്യന്നൂര്‍ പറഞ്ഞു. ബ്യൂട്ടിഫുള്‍, ഭൂമിയുടെ അവകാശികള്‍, രണം, റിച്ചി, മാന്ത്രികന്‍ തുടങ്ങി പതിനഞ്ചോളം സിനിമകള്‍ നിര്‍മിച്ച ആനന്ദ് പയ്യന്നൂര്‍ പുതിയ ചിത്രങ്ങളുടെ ചിലവുകള്‍ പരിശോധിക്കുന്നതിനായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിയോഗിച്ച ഉപസമിതി അംഗംകൂടിയാണ്. സിയാദ് കോക്കറുടെ നേതൃത്വത്തിലുള്ള സമിതിയില്‍ വി.ബി.കെ.മേനോന്‍, ആല്‍വിന്‍ ആന്റണി, ഖാദര്‍ ഹസ്സന്‍ എന്നിവരാണ് മറ്റംഗങ്ങള്‍.