'ഇത് ഞങ്ങള്‍ക്ക് വെറുമൊരു പേരല്ല'; ടൊവിനോ ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന് ആവശ്യം

ടോവിനോ തോമസ് നായകനാകുന്ന ചിത്രം നടികർ തിലകത്തിനെതിരെ ശിവാജി ഗണേശന്‍റെ ആരാധക സംഘടന. ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന ആവശ്യമുന്നയിച്ച് 'അമ്മ' സംഘടനയ്ക്ക് കത്ത് നല്‍കി.  നടികർ തിലകം ശിവാജി സമൂഗനള പേരവൈ എന്ന സംഘടനയാണ് കത്ത് നൽകിയിരിക്കുന്നത്. ഒരു കോമഡി ചിത്രത്തിന് നടികര്‍ തിലകം എന്ന പേരിടുന്നത് ശിവാജി ഗണേശനോടുള്ള അവഹേളനമാണ്. നടികര്‍ തിലകം എന്നുള്ളത് വെറും ഒരു പേരുമാത്രമല്ല, ജീവശ്വാസമാണെന്നും തമിഴ് സിനിമയുടെ എല്ലാമാണെന്നും കത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 

മലയാള സിനിമയ്ക്ക് ഇങ്ങനെ പേര് നല്‍കിയാല്‍ തമിഴ്നാട്ടിലുള്ള ശിവാജി ഗണേശൻ ആരാധകർക്കും തമിഴ് സിനിമയെ സ്നേഹിക്കുന്ന, ലോകമെമ്പാടുമുള്ള എല്ലാവർക്കും ഏറെ വേദന ജനിപ്പിക്കും. തമിഴ് - മലയാളം സിനിമ മേഖലകൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാകാൻ ഇത് കാരണമാകരുത് എന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മിന്നല്‍ മുരളി, തല്ലുമാല, അജയന്‍റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ടോവിനോ തോമസ് നായകനാകുന്ന ചിത്രമാണ് ‘നടികർ തിലകം’. ഭാവനയാണ് ചിത്രത്തില്‍ നായികയാത്തെത്തുന്നത്. ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, സുരേഷ് കൃഷ്ണ, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷത്തിൽ എത്തുന്നത്.

Complaint aganist the movie Nadikar Thilakam

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.